റെയിൽവേ എം.എൽ.സി.പി റെഡി; കമ്മിഷനിംഗ് ആഗസ്റ്റ് 15ന്
കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിക്കുന്നതിന്റെ ഭാഗമായി നിർമ്മിച്ച മൾട്ടി ലെവൽ കാർ പാർക്കിംഗ് ടവർ ആഗസ്റ്റ് 15ന് കമ്മിഷൻ ചെയ്യും. ടവറിലേക്കുള്ള റോഡിന്റെ ടാറിംഗും ചുറ്റും ടൈൽ പാകലും മാത്രമാണ് ബാക്കിയുള്ളത്.
പാർക്കിംഗ് ടവറിന്റെ നിർമ്മാണം പൂർണമായും പൂർത്തിയായി. എന്നാൽ ഇതിന് സമീപമാണ് റെയിൽവേ സ്റ്റേഷനിലേക്ക് ആവശ്യമായ ജലം സംഭരിക്കുന്ന 50000 ലിറ്റർ ശേഷിയുള്ള ഭൂഗർഭ ടാങ്ക് നിർമ്മിച്ചിരിക്കുന്നത്. ഈ ടാങ്കിന്റെ സ്ലാബ് പൂർണമായും സ്ഥാപിച്ചിട്ടില്ല. സ്ലാബ് സ്ഥാപിച്ച ശേഷമേ പാർക്കിംഗ് ടവറിലേക്കുള്ള റോഡിന്റെ നിർമ്മാണവും ചുറ്റും തറയോട് പാകലും നടക്കൂ.
മൾട്ടി ലെവൽ കാർ പാർക്കിംഗ് ടവറിന്റെ നടത്തിപ്പിനുള്ള ടെണ്ടർ നടപടികൾ ആരംഭിച്ചു. അടുത്തമാസം 20ന് ഉറപ്പിക്കും. ഇതിനൊപ്പം തന്നെ സമീപത്തുള്ള സർഫസ് പാർക്കിംഗ് കേന്ദ്രത്തിന്റെ പുതിയ കരാറും ഉറപ്പിക്കും.
വാണിജ്യ സൗകര്യങ്ങൾക്ക്
മാർക്കറ്റ് സ്റ്റഡി
നിർമ്മാണം പുരോഗമിക്കുന്ന അഞ്ചുനില കെട്ടിട സമുച്ചയത്തിലെ നാലുലക്ഷം ചതുരശ്രയടി സ്ഥലം വാണിജ്യ സംരംഭങ്ങൾക്കായി നീക്കിവയ്ക്കും. വാണിജ്യാവശ്യങ്ങൾക്ക് വിട്ടുനൽകാൻ കെട്ടിടത്തിൽ ഒരുക്കേണ്ട പ്രാഥമിക സൗകര്യങ്ങൾ, ടെണ്ടർ നടപടികളിൽ സ്വകീരിക്കേണ്ട മാനദണ്ഡങ്ങൾ തുടങ്ങിയവ തയ്യാറാക്കാൻ റെയിൽവേയുടെ നേതൃത്വത്തിൽ മാർക്കറ്റ് സ്റ്റഡി തുടങ്ങി. കഫെറ്റേരിയ, ഹോട്ടൽ, ഡോർമെറ്ററി തുടങ്ങി ട്രെയിൻ യാത്രക്കാരെ ലക്ഷ്യമിട്ടുള്ള സംരംഭങ്ങൾ തുടങ്ങാൻ സ്ഥലം വിട്ടുനൽകും.
നാല് നിലകൾ
ഓരോ നിലയും- 2,50,000 ചതുരശ്രയടി
140 കാറുകൾ പാർക്ക് ചെയ്യാം 240 ബൈക്കുകളും