കേരളത്തില്‍ ഭായിമാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം; കിട്ടുന്നത് മലയാളികള്‍ ഉപേക്ഷിക്കുമ്പോള്‍

Sunday 29 June 2025 1:03 AM IST

കല്‍പ്പറ്റ: ജില്ലയിലും അതിഥി സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നത് അപകട സാധ്യതയുള്ള കെട്ടിടങ്ങളില്‍. കാലപ്പഴക്കത്താല്‍ ദ്രവിച്ച് വീഴാറായ കെട്ടിടങ്ങളിലാണ് പല തൊഴിലാളികളും താമസിക്കുന്നത്. ചുണ്ടേല്‍ ആനപ്പാറ എസ്റ്റേറ്റില്‍ 60 വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിലാണ് തൊഴിലാളികള്‍ താമസിക്കുന്നത്. ജാര്‍ഖണ്ഡ്, ഒറീസ, ആസാം, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് കുടുംബസമേതം ഇത്തരം കെട്ടിടങ്ങളില്‍ കഴിയുന്നത്.

അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ തന്നെ കെട്ടിടംചോര്‍ന്നൊലിക്കുകയാണ്. പകുതിഭാഗം കാലപ്പഴക്കത്താല്‍ നിലം പൊത്തിയ കെട്ടിടങ്ങളില്‍പോലും തൊഴിലാളി കുടുംബങ്ങള്‍ കഴിയുന്നുണ്ട്. 1955 കാലഘട്ടത്തില്‍ നിര്‍മ്മിച്ച കെട്ടിടങ്ങളില്‍ വരെ തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. യാതൊരുവിധ സുരക്ഷിതത്വവും ഇവിടെ ഉറപ്പാക്കിയിട്ടില്ല. വാടക നല്‍കേണ്ടതില്ലാത്തതിനാല്‍ തന്നെ തൊഴിലാളികള്‍ ഉള്ള സൗകര്യങ്ങളില്‍ കഴിയുകയാണ്. തൊഴില്‍ നിയമങ്ങളെല്ലാം ഇവിടെ കാറ്റില്‍ പറത്തുകയാണ്.

തൊഴില്‍ വകുപ്പ് ഇടപെടുന്നില്ല എന്നാണ് തൊഴിലാളി സംഘടനകളുടെ ആരോപണം. ഇത് ഒറ്റപ്പെട്ട സംഭവമല്ല. മറ്റ് തൊഴിലിടങ്ങളിലും സമാനമായ അവസ്ഥയാണ്. സ്വന്തം നാട്ടില്‍ വരുമാനം ഇല്ലാത്തതിനാല്‍ തന്നെ ജോലിതേടിയെത്തുന്നവര്‍ എന്ത് ത്യാഗത്തിനും തയ്യാറാകും. അത് ചിലപ്പോള്‍ സ്വന്തം ജീവന്‍ തന്നെ നല്‍കിക്കൊണ്ട് ആകും. ഇതാണ് ഇന്നലെ തൃശ്ശൂര്‍ കൊടകരയില്‍ കണ്ടത്. കെട്ടിടം തകര്‍ന്ന് മൂന്ന് തൊഴിലാളികള്‍ മരിച്ചിരുന്നു. തോട്ടങ്ങള്‍ക്ക് പുറമേ വീടുകളില്‍ ഒറ്റയ്ക്കും കൂട്ടമായും താമസിക്കുന്നവരും സുരക്ഷിതത്വമില്ലാത്ത കെട്ടിടങ്ങളിലാണ് കഴിയുന്നത്. മറ്റുള്ളവര്‍ വാടകയ്ക്ക് താമസിക്കാന്‍ മടിക്കുന്ന കെട്ടിടങ്ങളാണ് പലപ്പോഴും ഇത്തരം തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്. വിഷയത്തില്‍ തൊഴില്‍ വകുപ്പ് അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം ഉയരുന്നത്.