ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ എം സലീം കുമാർ അന്തരിച്ചു

Sunday 29 June 2025 9:04 AM IST

കൊച്ചി: പ്രശസ്ത ദളിത് ചിന്തകനും എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ കെ എം സലീം കുമാർ അന്തരിച്ചു. 76 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖ ബാധിതനായി അദ്ദേഹം ഏറെ നാളുകളായി ചികിത്സയിലായിരുന്നു. 1975ൽ അടിയന്തരാവസ്ഥ കാലത്ത് 17 മാസം ജയിൽ വാസം അനുഭവിച്ച പൊതുപ്രവർത്തകൻ കൂടിയാണ് അദ്ദേഹം.

ഇടുക്കിയിൽ തൊടുപുഴ താലൂക്കിൽ വെള്ളിയാമറ്റം പഞ്ചായത്തിൽ കുന്നത്തു മാണിക്കന്റെയും കോതയുടെയും മകനായി 1949 മാർച്ച് പത്തിനാണ് ജനനം. കൊലുമ്പൻ പുത്തൻപുരയ്ക്കൽ വളർത്തച്ഛനായിരുന്നു. നാളിയാനി ട്രൈബൽ എൽ പി സ്കൂൾ, പൂച്ചപ്ര, അറക്കുളം യുപി സ്കൂൾ, മൂലമറ്റം സർക്കാർ ഹൈസ്കൂൾ, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

1969ൽ എറണാകുളം മഹാരാജാസ് കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ നക്സലൈറ്റ് പ്രസ്ഥാനവുമായി ബന്ധം. തുടർന്ന് രണ്ടു പതിറ്റാണ്ട് കാലം സിആർസി, സിപിഐ(എം.എൽ) പ്രസ്ഥാനത്തിന്റെ സംഘാടകരിൽ ഒരാളായിരുന്നു. അധഃസ്ഥിത നവോത്ഥാന മുന്നണിയുടെ ആഭിമുഖ്യത്തിൽ 1989ൽ വൈക്കത്ത് മനുസ്മൃതി ചുട്ടെരിച്ചുകൊണ്ട് ദളിത് സംഘടന പ്രവർത്തനത്തിൽ കേന്ദ്രീകരിച്ചു. അധഃസ്ഥിത നവോത്ഥാന മുന്നണിയുടെ സംസ്ഥാന കൺവീനർ, ദളിത് ഐക്യ സമിതിയുടെ സംസ്ഥാന കൺവീനർ, കേരള ദളിത് മഹാസഭയുടെ സംസ്ഥാന സെക്രട്ടറി എന്നീ സംഘടനകളുടെ മുൻനിര പ്രവർത്തകനായിരുന്നു കെ എം സലീം കുമാർ.