കോഴിക്കോട് മണ്ണിടിഞ്ഞുവീണ് അപകടം, കെട്ടിട നിർമാണത്തൊഴിലാളിക്ക് ദാരുണാന്ത്യം
കോഴിക്കോട്: നെല്ലിക്കോട് മണ്ണിടിഞ്ഞ് കെട്ടിട നിർമാണത്തൊഴിലാളിക്ക് ദാരുണാന്ത്യം. ഇതരസംസ്ഥാനക്കാരനായ തൊഴിലാളിയാണ് മരിച്ചത്. രണ്ടര മണിക്കൂറോളം ഇയാൾ മണ്ണിനടിയിൽ കുടുങ്ങിക്കിടന്നിരുന്നു. ബംഗാൾ സ്വദേശിയാണെന്നാണ് വിവരം. നെല്ലിക്കോട് റീഗേറ്റ്‌സ് കമ്പനിയുടെ ഫ്ളാറ്റ് നിർമാണത്തിനിടെ മണ്ണിടിഞ്ഞുവീണാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും മണ്ണിടിയുന്നത് വെല്ലുവിളിയായിരുന്നു. രണ്ടുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. ഫ്ളാറ്റ് നിർമിക്കുന്നതിനായി പൈലിംഗ് ഉൾപ്പെടെയുള്ള ജോലികൾ നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. മൂന്ന് തൊഴിലാളികളാണ് സ്ഥലത്തുണ്ടായിരുന്നത്. രണ്ടുദിവസം മുൻപും സ്ഥലത്ത് മണ്ണിടിച്ചിലുണ്ടായെന്നും മുന്നറിയിപ്പ് നൽകിയിരുന്നതായും പ്രദേശവാസികൾ പറഞ്ഞു. അശാസ്‌ത്രീയമായി മണ്ണെടുത്താണ് കെട്ടിടനിർമാണമെന്നും ഇതിനെതിരെ പരാതി നൽകിയിരുന്നുവെന്നും നാട്ടുകാർ വ്യക്തമാക്കി. അഹമ്മദ് ദേവർകോവിൽ എംഎൽഎ സ്ഥലത്തെത്തിയിട്ടുണ്ട്. വേണ്ടത്ര സുരക്ഷ ഒരുക്കാതെയാണ് നിർമാണം നടക്കുന്നതെന്ന് എംഎൽഎ പറഞ്ഞു. അഗ്നിരക്ഷാസേനയുടെ മേൽനോട്ടത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.