പാമ്പ് കടിയേറ്റാൽ നടക്കാൻ പാടില്ല എന്നുപറയുന്നതിലെ സത്യം, അണലിയുടെയും മൂർഖന്റെയും ലക്ഷണങ്ങൾ വെവ്വേറെ

Sunday 29 June 2025 4:06 PM IST

മഴക്കാലമായതോടെ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ പാമ്പുകളുടെ ശല്യം വർദ്ധിച്ചിരിക്കുകയാണ്. മഴ കനക്കുമ്പോൾ മാളങ്ങളിൽ നിന്ന് പുറത്തുവരുന്നതിന് പുറമെ വെള്ളക്കെട്ടുകളിലൂടെ പാമ്പുകൾ വീടുകളുടെ പരിസരങ്ങളിലേയ്ക്ക് ഒഴുകി വരാറുമുണ്ട്. അതിനാൽ തന്നെ പാമ്പ് കടിയേൽക്കാനുള്ള സാദ്ധ്യത, പ്രത്യേകിച്ച് കുട്ടികൾക്ക് വളരെ കൂടുതലാണ്. പാമ്പ് കടിയേറ്റാൽ ഇന്ന് ഫലപ്രദമായ ചികിത്സ ലഭ്യമാണെങ്കിലും മരണം സംഭവിക്കുന്നതിലെ പ്രധാന കാരണം ചികിത്സ വൈകുന്നതും പ്രഥമ ശുശ്രൂഷയിലെ അപാകതകളുമാണ്.

പാമ്പ് കടിയേറ്റാൽ:

അനാവശ്യ ഭയം ഒഴിവാക്കേണ്ടത് പ്രധാനമാണ്. മിക്കപ്പോഴും വിഷമില്ലാത്ത പാമ്പായിരിക്കും കടിക്കുക. വിഷമുള്ള പാമ്പ് ആണെങ്കിലും അമിതമായി ഉത്‌കണ്ഠപ്പെട്ടാൽ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും വർദ്ധിക്കുകയും വിഷം പെട്ടെന്ന് ശരീരത്തിൽ വ്യാപിക്കുകയും ചെയ്യും. ഇത് മരണത്തിനും കാരണമാകും. ഉത്‌കണ്ഠപ്പെടാതെ, സമചിത്തതയോടെ ആശുപത്രിയിലെത്തിച്ച് ചികിത്സിക്കുകയാണ് വേണ്ടത്.

കടിയേറ്റ ഭാഗത്തിന് മുകളിലായി ചരടുകൊണ്ടോ തുണികൊണ്ടോ കെട്ടുക. ഇത് വിഷം വ്യാപിക്കാതിരിക്കാൻ സഹായിക്കും. ഇങ്ങനെ ചെയ്യുമ്പോൾ അരമണിക്കൂർ ഇടവിട്ട് കെട്ട് അഴിച്ച് കാലിലേക്കുള്ള രക്തയോട്ടം സുഗമമാക്കണം. ഇല്ലെങ്കിൽ രക്തയോട്ടത്തിന് തടസം നേരിട്ട് കാല് തന്നെ മുറിച്ചുമാറ്റേണ്ടതായി വരാം.

മുറിവിൽ പേസ്റ്റ്, പച്ചിലകൾ എന്നിവ തേക്കാൻ പാടില്ല. ബ്ളേഡ്, കത്തി എന്നിവകൊണ്ട് മുറിവുണ്ടാക്കുകയോ വായ് കൊണ്ട് വിഷം വലിച്ചെടുക്കുകയോ പാടില്ല. കാലിൽ ആണ് കടിയേറ്റതെങ്കിൽ ഒട്ടും നടക്കാൻ പാടില്ല. നടന്നാൽ രക്തയോട്ടം കൂടുകയും വിഷം ശരീരത്തിലേയ്ക്ക് പെട്ടെന്ന് വ്യാപിക്കുകയും ചെയ്യും. നടക്കാതിരിക്കാൻ കാലിൽ ഒരു സ്‌പ്ളിന്റ് കെട്ടുന്നതാണ് നല്ലത്. ശേഷം എത്രയും വേഗം ചികിത്സ ലഭ്യമാക്കുക.

വിഷമുള്ള പാമ്പ് കടിച്ചാലുള്ള ലക്ഷണങ്ങൾ

തളർച്ച, ക്ഷീണം, ബോധം മറയൽ, കണ്ണുകൾ അ‌ടഞ്ഞ് പോകുന്നത്, നടക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുക എന്നിവയാണ് മൂർഖൻ കടിച്ചാലുള്ള ലക്ഷണങ്ങൾ. ഞരമ്പുകളെയാണ് ഇത് ബാധിക്കുന്നത്. അണലി കടിച്ചാൽ രക്തം കട്ടപിടിക്കുകയില്ല, മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വരും, രക്തം ഛർദ്ദിക്കുകയും ചെയ്യാം.