ഹെറോൾഡ് ഇടിച്ചിട്ടത് സ്വർണ ശോഭയുള്ള 'മോയ് തായ്' മെഡൽ

Monday 30 June 2025 12:54 AM IST

കൊച്ചി: മത്സരങ്ങൾക്കിടെ കാലിന് പരിക്കേറ്റ് കിടപ്പിലായത് മൂന്നുവട്ടം. നിശ്ചയദാർഢ്യത്തോടെ റിംഗിൽ തിരിച്ചെത്തിയ ഹെറോൾഡ് ഷോൺ അരീക്കൽ ഒന്നര വർഷത്തെ മാത്രം പരിശീലനത്താൽ തായ്‌ലൻഡിലെ മോയ് തായ് ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ രാജ്യത്തിന് വേണ്ടി ഇടിച്ചിട്ടത് വെള്ളി മെഡൽ.

17കാരനായ ഹെറോൾഡ് 19 - 34 പ്രായക്കാരുടെ (95 കി. ഗ്രാം) കാറ്റഗറിയിൽ നേടിയ മെഡലിന് സ്വർണശോഭയുണ്ട്. അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്‌കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥിയാണ് ഹെറോൾഡ്.

മെക്ക് ടൈസന്റെ ആരാധകനായ ഹെറോൾഡ് പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞയുടൻ ബോക്‌സിംഗ് വശത്താക്കാൻ ഇറങ്ങിത്തിരിച്ചു. മതാപിതാക്കളും ഒപ്പം നിന്നു. നീന്തലിലും ഫുട്ബാളിലും ഒരു കൈ പരീക്ഷിച്ച ശേഷമായിരുന്നു തന്റെ മേഖല ബോക്‌സിംഗാണെന്ന് ഹെറാൾഡ് തിരിച്ചറിഞ്ഞത്. കാക്കനാട് ആസ്ഥാനമായ സ്പാർട്ടൻസ് അക്കാഡമിയിൽ ബോക്‌സിംഗ് പരിശീലനം. ഇതിനൊപ്പം മോയ് തായും മിക്‌സഡ് മാർഷ്യൽ ആർട്‌സും വശത്താക്കി.

ഒരു വർഷത്തിനകം മിക്‌സഡ് മാർഷ്യൽ ആർട്‌സ്, മോയ് തായ് ദേശീയ ചാമ്പ്യൻഷിപ്പുകളിൽ അണ്ടർ 17 വിഭാഗത്തിൽ കേരളത്തിനായി സ്വർണമെഡലുകൾ നേടി. ഈ വിജയമാണ് തായ്‌ലൻഡിലേക്ക് വഴിതുറന്നത്. അവിടെ എത്തിയപ്പോഴാണ് അണ്ടർ 17 വിഭാഗത്തിൽ (85കി.ഗ്രാം) മത്സ്യരാർത്ഥികൾ ഇല്ലെന്നറിഞ്ഞത്. മടങ്ങിപ്പോരാതെ പരിശീലകൻ 95 കി. ഗ്രാം വിഭാഗത്തിൽ ഹെറോൾഡിനെ ഇറക്കി. ഗ്രൂപ്പ് ഇനങ്ങളിൽ ഇടിച്ചു കയറിയ ഹെറോൾഡ് ഫൈനൽ പോരാട്ടത്തിൽ 34കാരനായ ബ്രസീലിയൻ പ്രൊഫഷണൽ താരത്തിന് മുന്നിലാണ് കീഴടങ്ങിയത്.

ആലുവ ജില്ലാ ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഷോൺ അരീക്കലിന്റെയും ഇടുക്കി കൊന്നക്കുഴി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫാർമസിസ്റ്റ് ധന്യ മാത്യുവിന്റെയും മകനാണ് ഹെറോൾഡ്. സഹോദരൻ ഹെർഷലും ബോക്‌സിംഗ് പഠിക്കുന്നുണ്ട്.

വാശിയേറിയ ഫൈനലിൽ മൂന്ന് റൗണ്ടുകളിലും പോയിന്റ് ഒപ്പത്തിനൊപ്പമായിരുന്നു. ഒടുവിൽ റഫറി വിജയിയെ പ്രഖ്യാപിക്കുകയായിരുന്നു. നിരാശയുണ്ടായിരുന്നെങ്കിലും വെള്ളിമെഡൽ വലിയൊരു നേട്ടമായി കാണുന്നു

ഹെറോൾഡ്

 മോയ് തായ് കേരളത്തിൽ കളരിയെന്നപോലെ തായ്‌ലാൻഡിന്റെ ആയോധന കലയാണ് മോയ്‌തായ്. കാൽ, കൈ മുട്ടുകൾ വരെ ഉപയോഗിച്ച് ആക്രമിക്കാമെന്നതാണ് മോയ് തായെ വേറിട്ടു നിറുത്തുന്നത്. ഇടിയേറ്റ് എതിരാളിയുടെ രക്തംപൊടിയുന്നത് കൂടുതൽ പോയിന്റ് നൽകും.