ക്ഷീര കർഷകർക്ക് 7.4 കോടിയുടെ കാലിത്തീറ്റ സബ്‌സിഡിയുമായി മലബാർ മിൽമ

Monday 30 June 2025 12:02 AM IST

കോഴിക്കോട്: മലബാർ മിൽമ ക്ഷീര കർഷകർക്ക് 7.4 കോടി രൂപയുടെ കാലിത്തീറ്റ സബ്‌സിഡി അനുവദിച്ചു. മലബാർ മേഖലാ യൂണിയന് പാലളക്കുന്ന മലബാറിലെ ആറ് ജില്ലകളിലെ ക്ഷീര സംഘങ്ങളിലെ കർഷകർക്ക് തീറ്റ വസ്തുക്കൾ പരമാവധി വില കുറച്ചു നൽകുന്നതിനുള്ള സബ്‌സിഡി ജൂലായിലും തുടരും. ക്ഷീര സംഘങ്ങളിലൂടെ വിതരണം ചെയ്യുന്ന മിൽമ ഗോമതി ഗോൾഡ് കാലിത്തീറ്റക്ക് 50 കിലോഗ്രാം ചാക്കൊന്നിന് മിൽമ മലബാർ മേഖലാ യൂണിയൻ 100 രൂപയാണ് സബ്‌സിഡിയായി നൽകുക. കേരള സഹകരണ ക്ഷീര വിപണന ഫെഡറേഷനും മിൽമ ഗോമതി ഗോൾഡ് കാലിത്തീറ്റക്ക് ജൂലായിലും 100 രൂപ ഡിസ്‌ക്കൗണ്ട് നൽകും. ഇതോടെ 50 കിലോയുടെ മിൽമ ഗോമതി ഗോൾഡ് കാലിത്തീറ്റയ്ക്ക് ചാക്കൊന്നിന് 200 രൂപ സബ്‌സിഡിയായി ലഭിക്കും. ഏപ്രിൽ, മെയ് മാസങ്ങളിൽ മലബാർ മേഖലയിലെ ക്ഷീര കർഷകർക്ക് കാലിത്തീറ്റ സബ്‌സിഡിയായി 4.10 കോടി രൂപ അനുവദിച്ചിരുന്നു. ജൂണിൽ നൽകിയതും ജൂലായ് മാസത്തിൽ പ്രഖ്യാപിച്ചിട്ടുള്ളതുമടക്കം ഈ സാമ്പത്തിക വർഷത്തിൽ ഇതുവരെ 7.4 കോടി രൂപ കാലിത്തീറ്റ സബ്‌സിഡി ഇനത്തിൽ ക്ഷീര കർഷകരിലേക്ക് എത്തിച്ചേരുമെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി, മാനേജിംഗ് ഡയറക്ടർ കെ.സി.ജെയിംസ് എന്നിവർ അറിയിച്ചു.