പ്രവാസി നികുതി ഒരു ശതമാനമായി കുറച്ച് അമേരിക്ക
കൊച്ചി: അമേരിക്കയിലെ പ്രവാസികൾ നാട്ടിലേക്ക് പണമയക്കുമ്പോൾ ഈടാക്കുന്ന റെമിറ്റൻസ് നികുതി ഒരു ശതമാനമായി കുറയ്ക്കുമെന്ന് 'വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്ടിന്റെ' പുതുക്കിയ കരടിൽ വ്യക്തമാക്കി. അമേരിക്കയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികൾക്ക് പുതിയ തീരുമാനം ഏറെ ആശ്വാസമാകും. പ്രവാസികൾ പണമയക്കുമ്പോൾ 3.5 ശതമാനം തുക റെമിറ്റൻസ് നികുതിയായി ഈടാക്കുമെന്നാണ് നേരത്തെ വ്യക്തമാക്കിയിരുന്നത്. പുതുക്കിയ നിയമത്തിൽ ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ അക്കൗണ്ടുകളിലൂടെയും യു.എസിൽ ഇഷ്യു ചെയ്ത ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിലൂടെയും പണമയക്കുമ്പോൾ നികുതി നൽകേണ്ടതില്ല. ഇതനുസരിച്ച് പ്രവാസി റെമിറ്റൻസിൽ സിംഹ ഭാഗവും നികുതി ബാദ്ധ്യതയിൽ നിന്ന് ഒഴിവാകും. അടുത്ത വർഷം ജനുവരി ഒന്ന് മുതലാണ് പുതിയ നികുതി നടപ്പാകുന്നത്.
പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് അഞ്ച് ശതമാനം നികുതിയാണ് തുടക്കത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്. പിന്നീടിത് 3.5 ശതമാനമായി കുറച്ചു.
ഇന്ത്യയ്ക്കാർക്ക് വൻനേട്ടം
അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ പ്രവാസി സമൂഹം ഇന്ത്യയ്ക്കാരാണ്. രാജ്യത്തെ മൊത്തം പ്രവാസി നിക്ഷേപത്തിൽ 27.7 ശതമാനവും യു.എസിൽ നിന്നാണ്. കഴിഞ്ഞ വർഷം അമേരിക്കയിലെ ഇന്ത്യൻ പ്രവാസികൾ 3,200 കോടി ഡോളറാണ്(2.72 ലക്ഷം കോടി രൂപ) നാട്ടിലേക്ക് അയച്ചത്.