കേരളത്തിൽ ട്രൗട്ട് വിളയിക്കാൻ തെലങ്കാനയിലെ എൻജിനിയർ
കൊച്ചി: രുചിയിലും വിലയിലും പോഷകഗുണത്തിലും മുമ്പനായ സാൽമൺ കുടുംബത്തിൽപ്പെട്ട റെയിൻബോ ട്രൗട്ടിനെ കേരളത്തിൽ വളർത്താൻ തെലങ്കാനയിലെ യുവസംരംഭകൻ. ആഭ്യന്തര, രാജ്യാന്തര വിപണികളിൽ ഏറെ ആവശ്യക്കാരുള്ള ട്രൗട്ടിനു പുറമേ കരിമീൻ, കാളാഞ്ചി എന്നിവയും വളർത്താനാണ് ആദിത്യ റിത്വിക് നരയുടെ പദ്ധതി.
വെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമുള്ള അനുയോജ്യ സ്ഥലം കണ്ടെത്തിയാൽ പദ്ധതി രൂപരേഖ സർക്കാരിന് സമർപ്പിക്കും. കേരളത്തിൽ ഏറെ സാദ്ധ്യതകളാണുള്ളതെന്ന് അദ്ദേഹം 'കേരളകൗമുദി"യോട് പറഞ്ഞു. വാറങ്കൽ എൻ.ഐ.ടിയിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിരുദം നേടിയ ഈ 30കാരൻ മത്സ്യ കൃഷിയിലേക്ക് തിരിയുകയായിരുന്നു. തെലങ്കാനയിൽ രണ്ടു ഫാമുകളുണ്ട്. ദളിത് സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് പദ്മശ്രീ ലഭിച്ച പ്രമുഖ വ്യവസായി രവികുമാർ നരയുടെ മകനാണ്.
യൂറോപ്പിലെയും അമേരിക്കയിലെയും തണുത്ത ജലാശയങ്ങളിൽ വളരുന്ന ട്രൗട്ടിന് ഇന്ത്യൻ കാലാവസ്ഥ അനുയോജ്യമല്ലാത്തതിനാൽ ഫാമിലെ വെള്ളത്തിന്റെ താപനില ഒന്നു മുതൽ 15 ഡിഗ്രിവരെ ക്രമീകരിക്കും. മുട്ട വിരിയുന്നത് മുതൽ കുഞ്ഞുങ്ങൾ പ്രായപൂർത്തിയാകും വരെ വിവിധ താപനിലകളിലേക്കു മാറ്റണം. ഇതിനായി പടുകൂറ്റൻ സ്റ്റീൽ ടാങ്കുകളുണ്ട്. റീസർക്കുലേറ്റിംഗ് അക്വാകൾച്ചർ സിസ്റ്റം (ആർ.എ.എസ്) ആണിത്. വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കുന്നു. പലതരം ടാങ്കുകൾ, ബയോ ഫിൽറ്റർ, മെക്കാനിക്കൽ ഫിൽറ്റർ, ഓക്‌സിജനേഷൻ സിസ്റ്റം, മോണിറ്ററിംഗ് ആൻഡ് കൺട്രോൾ സിസ്റ്റം തുടങ്ങിയവയോടു കൂടിയതാണ് ഒരു യൂണിറ്റ്.
50 പേരടങ്ങുന്ന വിദഗ്ദ്ധ സംഘത്തിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തനം.
പ്രതിദിനം ഒരു ടൺ
- ഒരു യൂണിറ്റിൽ നിന്ന് പ്രതിദിനം ഒരു ടൺ മത്സ്യം.
- മത്സ്യത്തിന്റെ വിസർജ്യവും മറ്റു മാലിന്യങ്ങളും ജൈവ വളമാക്കുന്നു
- ജൈവരീതിയിൽ വളർത്തുന്ന മത്സ്യമായതിനാൽ രുചി കൂടുതൽ
- 6 വർഷം മുൻപ് 25 കോടി രൂപ മുടക്കിയാണ് സംരംഭം തുടങ്ങിയത്. ആദ്യഘട്ടത്തിൽ യു.എസിൽ നിന്ന് മത്സ്യമുട്ടകൾ ഇറക്കുമതി ചെയ്ത് വിരിയിക്കുകയായിരുന്നു
പോഷകസമൃദ്ധം,
ലാഭകരം
- ഒന്നര കിലോ വരെയാകുന്ന മത്സ്യം ഒരു വർഷംകൊണ്ട് വിളവെടുക്കാം
- ഒരു കിലോ മത്സ്യം ഉത്പാദിപ്പിക്കാൻ 450 രൂപയാണ് ചെലവ്. ഫില്ലെറ്റ് ആക്കിയാൽ കിലോയ്‌ക്ക് 3000 രൂപ വരെ വരുമാനം
- ഒമേഗ-3 ഫാറ്റി ആസിഡും പ്രോട്ടീനും ധാരാളം. 100 ഗ്രാം ട്രൗട്ടിൽ 141 കാലറിയും 20 ഗ്രാം പ്രോട്ടീനുമുണ്ട്. സോഡിയം, പൊട്ടാസ്യം, വിറ്റാമിൻ സി, ഡി, ബി6, കാൽസ്യം, മഗ്‌നീഷ്യം എന്നിവയുടെയും കലവറ