വിമാന ദുരന്തം: അട്ടിമറി സാദ്ധ്യതയും അന്വേഷിക്കുമെന്ന് മന്ത്രി
Monday 30 June 2025 12:00 AM IST
ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) അട്ടിമറി സാദ്ധ്യതകളും അന്വേഷിക്കുന്നുണ്ടെന്ന് സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മൊഹോൾ പറഞ്ഞു. അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ബ്ളാക്ക് ബോക്‌സ് എ.എ.ഐ.ബി കസ്റ്റഡിയിലാണെന്നും വിദേശത്തേക്ക് പരിശോധനയ്‌ക്കായി കൊണ്ടുപോകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിമാന അപകടം നിർഭാഗ്യകരമായ സംഭവമായിരുന്നു. എ.എ.ഐ.ബി സമ്പൂർണ അന്വേഷണം ആരംഭിച്ചു. അട്ടിമറി സാദ്ധ്യതകളും പരിശോധിക്കുന്നതിനാൽ പരിസരത്തെ ലഭ്യമായ സിസിടിവി ദൃശ്യങ്ങൾ അവലോകനം ചെയ്യുന്നുണ്ട്. നിരവധി ഏജൻസികൾ അന്വേഷണത്തിൽ സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.