ദേശീയപാത 183 എ വികസനത്തിന് റെഡ് സിഗ്നൽ

Monday 30 June 2025 12:25 AM IST

പത്തനംതിട്ട : ജില്ലയ്ക്ക് നേട്ടമാകുന്ന ദേശീയപാത 183 എ വികസനം അനിശ്ചിത്വത്തിൽ. തന്റെ വികസന നേട്ടമെന്ന് അവകാശപ്പെട്ട് കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രചരണം നടത്തിയ ആന്റോ ആന്റണി എം.പി​ പദ്ധതിയെ കൈവിട്ട നിലയിലാണ്. ദേശീയ പാത അതോറിറ്റി നിയോഗിച്ച കൺസൾട്ടൻസി കമ്പനി വിശദപദ്ധതി രേഖ സമർപ്പിച്ചിട്ടും തുടർ നടപടികൾക്ക് മെല്ലപ്പോക്കാണ്. കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തി പദ്ധതി നടപ്പാക്കാൻ ആന്റോ ആന്റണി തയ്യാറാകുന്നില്ലെന്ന് എൽ.ഡി.എഫ് ആരോപിച്ചു. കേന്ദ്രം തുടർനടപടിയെടുത്താൽ സ്ഥലം ഏറ്റെടുക്കൽ വേഗത്തിലാക്കുമെന്ന് സംസ്ഥാന സർക്കാർ നേരത്തേ അറിയിച്ചിട്ടുള്ളതാണ്. പദ്ധതി നടപ്പാക്കുന്നതിന് എം.പി താൽപ്പര്യം കാട്ടാത്തത് ജില്ലയുടെ വികസനത്തെ പിന്നോട്ടടിക്കുമെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.

ഒന്നാം മോദി സർക്കാരിന്റെ കാലത്ത് 2018 - 19 ബഡ്ജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്. റോഡ് വീതി കൂട്ടലും പുതിയ ബൈപ്പാസുകളുമാണ് പദ്ധതിയിലുള്ളത്. ജില്ലയിൽ പല സ്ഥലങ്ങളിലും റോഡിന്റെ അലൈൻമെന്റ് എം.പി ഇടപെട്ട് മാറ്റയെന്ന് ആക്ഷേപമുയർന്നിരുന്നു. പ്രാദേശിക സമ്മർദ്ദങ്ങൾക്ക് വഴങ്ങി റോഡിന്റെ വീതി കുറയ്ക്കാൻ ദേശീയ പാത അതോറിറ്റിയിൽ സമ്മർദം ചെലുത്തിയെന്നും ആരോപണമുണ്ട്.

ബൈപ്പാസുകളുടെ ഭാഗത്ത് അലൈൻമെന്റിൽ വന്ന മാറ്റം കാരണം വിശദ പദ്ധതി റിപ്പോർട്ട് ഏറെ വൈകിയിരുന്നു. നേരത്തെ 30 മീറ്റർ വീതിയിൽ നാലുവരി ബൈപ്പാസ് എന്നായിരുന്നു നിർദേശം. എം.പിയുടെ നിർദേശപ്രകാരം 18 മീറ്റർ വീതിയിൽ രണ്ടുവരിയായി കുറച്ചു.

എം.പിക്ക് താൽപ്പര്യമില്ലെന്ന് ആക്ഷേപം

ഭരണിക്കാവ് - മുണ്ടക്കയം പാത

നീളം : 116 കലോമീറ്റർ

വീതി 16 മീറ്റർ, രണ്ടുവരി പാത

ബൈപ്പാസുകൾ : 18 മീറ്റർ, രണ്ടു വരി

2018- 19ൽ അംഗീകരിച്ച ചെലവ് :1600 കോടി

കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകൾക്ക് പ്രയോജനം

എം.പിക്ക് പദ്ധതിയെപ്പറ്റി ഒന്നും അറിയില്ല. പത്രങ്ങളിൽ വന്ന വാർത്ത കണ്ട് അദ്ദേഹം നേട്ടമായി അവകാശപ്പെടുകയായിരുന്നു.

രാജു ഏബ്രഹാം, സി.പി.എം ജില്ലാ സെക്രട്ടറി.

ജില്ലയുടെ വികസനത്തിന് കേന്ദ്രസർക്കാർ ചെയ്യുന്ന പ്രവർത്തനങ്ങൾ പലതും എം.പി അറിയുന്നില്ല. ദേശീയ പാത വികസനം അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്.

വി.എ.സൂരജ് , ബി.ജെ.പി ജില്ലാ പ്രസിഡന്റ്