കാശുള്ളവൻ മാത്രം കളിച്ചാൽ മതിയോ ?

Sunday 29 June 2025 11:30 PM IST

അധികം വിദൂരമല്ലാത്ത ഒരു കാലത്ത് ഇന്ത്യൻ അത്‌ലറ്റിക്സിൽ മലയാളികളുടെ മേധാവിത്വമായിരുന്നു.എന്നാൽ ഇന്ന് ദേശീയ മീറ്റുകളിൽ മെഡൽ നേടുന്ന മലയാളികളെ മഷിയിട്ടു നോക്കണം. സബ്‌ ജൂനിയർ, ജൂനിയർ തലങ്ങളിലാണ് കേരളത്തിന്റെ പിന്നോട്ടുപോക്ക് ഏറ്റവുമധികം നിഴലിക്കുന്നത്. ഈ പോക്കാണെങ്കിൽ അഞ്ചുകൊല്ലം കഴിയുമ്പോഴേക്കും സീനിയർ തലത്തിൽ മത്സരിക്കാൻ വിരലിലെണ്ണാവുന്ന മലയാളി താരങ്ങൾപോലും ഉണ്ടായേക്കില്ല. കേരളത്തിന്റെ അത്‌ലറ്റിക്സ് രംഗത്തിന് സംഭവിക്കുന്നതെന്തെന്ന അന്വേഷണം.

ട്രാക്കിൽ നിന്ന് കേരളം മായുമ്പോൾ...4

തലസ്ഥാന നഗരത്തിൽ അത്യാവശ്യം ഓടാനോ ചാടാനോ കഴിവുള്ള ഒരു സ്കൂൾ വിദ്യാർത്ഥി സിന്തറ്റിക് ട്രാക്കിൽ പരിശീലിക്കാൻ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ പോകാമെന്ന് വച്ചാൽ മാസം കൊടുക്കേണ്ട ഫീസ് 1150 രൂപയാണ്. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ആറുമാസത്തേക്ക് 3000രൂപ. പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി ട്രാക്കുപോലുമില്ലാതെ കിടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിൽ കയറണമെങ്കിൽ കൊടുക്കണം മാസം 450 രൂപ. പൈസ കൊടുത്താലും പോര സ്റ്റേഡിയത്തിന്റെ കൈകാര്യക്കാരുടെ കാലും പിടിക്കണം.

ഇനി ഒരു ജില്ലാ മീറ്റിലെങ്കിലും മത്സരിക്കണമെങ്കിൽ അത്‌ലറ്റിക് അസോസിയേഷന്റെ രജിസ്ട്രേഷൻ നമ്പർ വേണം. അതിന് രൂപ 500 വേണം. ഓരോ മീറ്റിനും എൻട്രി ഫീയായി മുന്നൂറോ നാന്നൂറോ തരം പോലെ. സ്റ്റേറ്റ് മത്സരങ്ങളിലും ദേശീയ മത്സരങ്ങളിലും പങ്കെടുക്കുനുള്ള യാത്രാക്കൂലി, താമസം,ഭക്ഷണം എല്ലാം സ്വന്തം കയ്യിൽ നിന്നെടുത്തോണം. ഇങ്ങനെ നോക്കുമ്പോൾ ഒരു സ്റ്റേറ്റ് മീറ്റിൽ പങ്കെടുക്കാൻ ചെലവ് പതിനായിരം കടക്കും. അത്‌ലറ്റിക്സ് ഉൾപ്പടെ കായികരംഗത്തേക്ക് കടന്നുവരുന്നവരിൽ ഭൂരിഭാഗവും സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലുള്ളവരല്ല. കടംവാങ്ങി കായിക താരമാകാൻ എത്രപേർ തയ്യാറാകും?. മുമ്പ് അസോസിയേഷൻ നടത്തുന്ന മത്സരങ്ങൾക്ക് എൻട്രി ഫീ ഉണ്ടായിരുന്നില്ല. സർക്കാർ ഫണ്ട് അനുവദിക്കുമായിരുന്നു. സർക്കാരിന്റെ ഫണ്ട് മുടങ്ങിയപ്പോൾ എൻട്രീ ഫീ വാങ്ങാൻ മൗനാനുവാദംനൽകി. ഇപ്പോൾ അത് അവകാശമായി മാറി.

കായിക കച്ചവടം തകൃതി

തിരുവനന്തപുരത്ത് സ്പോർട്സ് ഡയറക്ടറേറ്റിന് കീഴിലുള്ളജിമ്മി ജോർജ് സ്റ്റേഡിയത്തിൽ സ്പോർട്സ് കൗൺസിലിന്റെ പരിശീലകരെക്കൊണ്ട് സർക്കാർ ചെലവിൽ വാങ്ങിയ കായിക ഉപകരണങ്ങൾ ഉപയോഗിച്ച് കുട്ടികൾക്ക് പരിശീലനം നൽകുന്നതിനും ഫീസ് കൊ‌ുക്കണം. സംസ്ഥാനത്തെ മറ്റ് സ്റ്റേഡിയങ്ങളിലും ഇതുതന്നെ സ്ഥിതി. കച്ചവടം മുതൽ പൊതുപ്രദർശനങ്ങൾക്ക് വരെ സ്റ്റേഡിയങ്ങൾ വിട്ടുകൊടുത്ത് ലാഭമുണ്ടാക്കുന്നതാണ് മറ്റൊരു രീതി. ദേശീയ- സംസ്ഥാന ചാമ്പ്യൻഷിപ്പുകൾ നടത്താൻ വൻതുകയാണ് സ്റ്റേഡിയങ്ങൾക്ക് നൽകേണ്ടിവരുന്നത്. പരിപാലിക്കാൻ മറ്റുവഴിയില്ലാത്തതിനാലാണ് ഗ്രൗണ്ട് വാടകയ്ക്ക് കൊടുക്കുന്നതെന്നാണ് ന്യായം. സ്പോർട്സിനും സ്പോർട്സ് താരങ്ങൾക്കും പ്രാധാന്യം നൽകാതെയുള്ള കച്ചവടത്തിനെതിരെയാണ് എതിർപ്പ്.

തമിഴ്നാടുൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ഗ്രൗണ്ടുകളിലെ പരിശീലനം സ്കൂൾകുട്ടികൾക്ക് പോലും സൗജന്യമാണ്. ദേശീയ - അന്തർദേശീയ താരങ്ങൾക്ക് പ്രത്യേക പരിഗണനയുണ്ട്. ഗ്രൗണ്ടുകൾ കുട്ടികൾക്ക് വിട്ടുകൊടുത്താൽ മാത്രമേ പുതിയ കായിക തലമുറയുണ്ടാവുകയുള്ളൂ. സ്വന്തം കാശുമുടക്കി കുട്ടികൾ കായികതാരങ്ങളാകട്ടെ എന്നാണ് നമ്മുടെ തീരുമാനമെങ്കിൽ കാത്തിരിക്കുകയേയുള്ളൂ. ചെറുതും വലുതുമായി നിരവധി സ്റ്റേഡിയങ്ങളാണ് പണി പൂർത്തിയായി ഉദ്ഘാടനത്തിലേക്ക് അടുക്കുന്നത്. ഈ സ്റ്റേഡിയങ്ങൾ കായികതാരങ്ങൾക്ക് സൗജന്യമായി ലഭിച്ചില്ലെങ്കിൽ എന്തുകാര്യം.

തേടണം സ്പോൺസർമാരെ സർക്കാരിന്റെ ഫണ്ടിംഗ് കൊണ്ടുമാത്രം മുന്നോട്ടുപോകാൻ കഴിയുന്നില്ലെന്നാണ് അത്‌ലറ്റിക് അസോസിയേഷൻ ഭാരവാഹികളുടെ സത്യസന്ധമായ പരിവേദനം. മുൻ കാലങ്ങളിൽ അസോസിയേഷന് മുന്നോട്ടുപോകാൻ സ്വകാര്യ സ്പോൺസർഷിപ്പുകൾ ലഭിച്ചിരുന്നു. മത്സരങ്ങളുടെ നടത്തിപ്പിനും മറ്റും അത് സഹായകരവുമായിരുന്നു. അത്‌ലറ്റിക്സിന് കാൽക്കോടിയുടെ സഹായഹസ്തവുമായി ക്രിക്കറ്റ് അസോസിയേഷൻ വരെ എത്തിയിരുന്നു. പ്രൗഡി മാഞ്ഞപ്പോൾ സ്പോൺസർമാരും പിന്മാറി. അത്‌ലറ്റിക്സിന് മാത്രമല്ല കേരളത്തിന്റെ മൊത്തം കായികമേഖലയിലേക്ക് സ്പോൺസർഷിപ്പും സ്വകാര്യനിക്ഷേപവും ആകർഷിക്കുമെന്ന് കഴിഞ്ഞവർഷം നടത്തിയ കായിക ഉച്ചകോടിയിൽ ഉച്ചത്തിൽ പ്രഖ്യാപനമുണ്ടായിരുന്നു. അത് ഇപ്പോഴും പ്രഖ്യാപനമായി മാത്രം അന്തരീക്ഷത്തിലുണ്ട്.

ഒരുനാൾ കൊണ്ടാരും ഒളിമ്പ്യനായിട്ടില്ലെന്ന് മുന്നേ സൂചിപ്പിച്ചിരുന്നു. ദീർഘകാലത്തെ ആസൂത്രണവും തയ്യാറെടുപ്പുമാണ് കായികനേട്ടങ്ങൾക്ക് വേണ്ടത്. എന്നാൽ നമ്മൾ തലേന്നാൾകൊണ്ട് മാത്രം തയ്യാറെടുക്കുന്നവരാണ്. അതേപ്പറ്റിനാളെ...