25,000ൽ നിന്ന് 8000ലേക്ക്: കെഎസ്ആർടിസിക്ക് വരുമാനം വേണ്ടേ? സ്വകാര്യ ബസുകൾക്ക് കൊയ്ത്ത് കാലം

Monday 30 June 2025 12:15 AM IST

കോട്ടയം : കെ.എസ്.ആർ.ടി.സിയുടെ ജില്ലയിലെ ഏക ബുക്കിംഗ് കൗണ്ടറിന് സ്ഥാനമാറ്റം പുന:ക്രമീകരിച്ചെങ്കിലും സമയം വെട്ടിക്കുറച്ചത് സ്വകാര്യ ബസുകളെ പ്രോത്സാഹിപ്പിക്കാനെന്ന് ആക്ഷേപം. കോട്ടയം ഡിപ്പോയിൽ താഴത്തെ നിലയിൽ രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ പ്രവർത്തിച്ചിരുന്ന കൗണ്ടറിന്റെ പ്രവർത്തനം ഇപ്പോൾ 9 മുതൽ വൈകിട്ട് 5 വരെയാക്കിയാണ് ചുരുക്കിയത്. സമയമാറ്റം ജീവനക്കാർക്കും യാത്രക്കാർക്കും പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുന്നു. ബുക്കിംഗിന് എത്തുന്നവരുടെ എണ്ണവും കുറഞ്ഞു.

മലബാറിലേക്കുള്ള സ്ഥിരം യാത്രക്കാർ, ബംഗളുരു, മംഗലാപുരം മേഖലയിലേക്കുള്ള വിദ്യാർത്ഥികൾ, ഉദ്യോഗാർത്ഥികൾ, തമിഴ്നാട് സ്വദേശികൾ എന്നിവരാണ് ബുക്കിംഗിന് എത്തുന്നവരിൽ ഏറെയും. ഓൺലൈൻ ബുക്കിംഗ് സംവിധാനമുണ്ടെങ്കിലും പരിചയക്കുറവ് മൂലം കൗണ്ടറിൽ എത്തുന്നവരാണ് കൂടുതൽ. സീറ്റ് ഉറപ്പായെങ്കിൽ മാത്രമേ പണം വാങ്ങൂ. ക്യാൻസൽ ചെയ്താൽ പണം അപ്പോൾ തന്നെ തിരികെ ലഭിക്കും. നേരിട്ട് അരമണിക്കൂർ മുമ്പ് വരെ ബുക്ക് ചെയ്യാം. സ്വകാര്യ ആപ്പ് മുഖേനയാണ് ബുക്കിംഗ് എങ്കിൽ പണം തിരികെ ലഭിക്കാൻ ഏഴു ദിവസം വേണ്ടിവരും. പത്രപ്രവർത്തകർക്കുള്ള യാത്രാ പാസ്, പൊലീസുകാരുടെ വാറന്റ് പാസ് എന്നിവ ഓൺലൈനായി ബുക്ക് ചെയ്യാൻ സൗകര്യമില്ലാത്തതിനാൽ ഈ മേഖലയിലുള്ളവരും ബുദ്ധിമുട്ടുകയാണ്.

രാത്രി യാത്രക്കാർക്ക് തിരിച്ചടി

തിരുവനന്തപുരം കഴിഞ്ഞാൽ കോട്ടയത്ത് മാത്രമാണ് കൗണ്ടറുള്ളത്. ഏറെയും രാത്രി യാത്രക്കാരാണ് സംവിധാനം പ്രയോജനപ്പെടുത്തുന്നത്. മുമ്പ് ചങ്ങനാശേരിയിൽ കൗണ്ടറുണ്ടായിരുന്നുവെങ്കിലും യാത്രക്കാരുടെ എണ്ണം കുറവ് പറഞ്ഞു നിറുത്തി. പുതിയ സംവിധാനം വന്നതോടെ നേരിട്ട് ബുക്ക് ചെയ്യുന്നവരുടെ എണ്ണം കുറയുകയും സ്വഭാവികമായി കൗണ്ടർ നിറുത്തുകയും ചെയ്യും. ഇടവേളയ്ക്കു ശേഷം സ്വകാര്യ ബസ് ലോബി മലബാർ മേഖലയിലേക്കും ബംഗളൂരുവിലേക്കും കൂടുതൽ സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്ന സമയത്താണ് കൗണ്ടർ നിറുത്തലാക്കിയതെന്നതാണ് ഒത്തുകളിയിലേക്ക് വിരൽചൂണ്ടുന്നത്.

വരുമാനം 25000 ൽ നിന്ന് 8000

മലബാറിലെ വിവിധ പ്രദേശങ്ങൾ, ബംഗളുരു, തെങ്കാശി, മധുര എന്നിവിടങ്ങളിലേയ്ക്കായി ദിവസേന 75- 100 ടിക്കറ്റുകൾ കൗണ്ടർ വഴി ബുക്ക് ചെയ്തിരുന്നു. മഴ ശക്തമാകുന്നതിന് മുമ്പ് ശരാശരി 20000-25000 രൂപയുടെ വരുമാനമുണ്ടായിരുന്നു. സമയം മാറ്റിയതോടെ 8​000 രൂപയായി ചുരുങ്ങി.

''ഏറെ യാത്രക്കാർക്ക് പ്രയോജനകരമായിരുന്നു ബുക്കിംഗ് സംവിധാനം. പൊടുന്നനെ സമയം മാറ്റിയത് അറിയാതെ നിരവധിപ്പേരാണ് ഇപ്പോഴും എത്തുന്നത്. അശാസ്ത്രീയ പരിഷ്ക്കാരങ്ങൾ കെ.എസ്.ആർ.ടി.സിയെ തകർക്കാനേ ഉപകരിക്കൂ.

-രാജേഷ്, യാത്രക്കാരൻ