മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ മുടക്കം: അന്വേഷിക്കാൻ നാലംഗ സമിതി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയകൾ മുടങ്ങിയത് അന്വേഷിക്കാൻ സർക്കാർ നാലംഗ സമിതിയെ ചുമതലപ്പെടുത്തി. ആരോഗ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണിത്. ശനിയാഴ്ച ഫേസ്ബുക്കിൽ പോസ്റ്റിട്ടും മാദ്ധ്യമങ്ങളോട് വിശദീകരിച്ചും ആരോഗ്യവകുപ്പിനെ ഞെട്ടിച്ച യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ ഇന്നലെയും വിമർശനം തുടർന്നു.
ഉപകരണങ്ങൾ നാളെ ലഭ്യമാക്കാമെന്ന് ഡോ. ഹാരിസിന് ഇന്നലെ ആശുപത്രി വികസന സൊസൈറ്റി ഉറപ്പുനൽകി. നാളെ ശസ്ത്രക്രിയ നടത്താമെന്ന് അദ്ദേഹം രോഗികളെ അറിയിച്ചു. ഇന്നലെ അദ്ദേഹം ആശുപത്രിയിൽ എത്തിയിരുന്നു. ഒരുവർഷം മുമ്പ് മന്ത്രിയുടെ ഓഫീസിലടക്കം നേരിട്ടെത്തി കാര്യങ്ങൾ വിശദീകരിച്ചിരുന്നുവെന്ന് ഹാരിസ് വെളിപ്പെടുത്തി. മറ്റു വകുപ്പ് മേധാവികൾക്ക് ഭയമുള്ളതുകൊണ്ടാണ് കാര്യങ്ങൾ പറയാത്തത്.സത്യം പറഞ്ഞതിന് ഒറ്റപ്പെടുത്തുന്നെങ്കിൽ ഒറ്റപ്പെടുത്തട്ടെ. ഭയമില്ലെന്നും വ്യക്തമാക്കി. ഡോക്ടർ സത്യസന്ധനാണെന്ന് ആരോഗ്യമന്ത്രി വീണാജോർജ് പറഞ്ഞു.
ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പത്മകുമാർ. ബി, കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാർ.ടി.കെ, ആലപ്പുഴ മെഡിക്കൽ കോളേജ് നെഫ്രോളജി വിഭാഗം മേധാവി ഡോ. ഗോമതി.എസ്, കോട്ടയം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. രാജീവൻ അമ്പലത്തറക്കൽ എന്നിവരാണ് അന്വേഷിക്കുന്നത്. ആരോഗ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ഇന്നു ചേരും. ഉപകരണങ്ങൾ സന്നദ്ധ സംഘടനകളോട് ഇരന്നും രോഗികളോട് പിരിവെടുത്തും വാങ്ങുന്നതു കൊണ്ടാണ് ശസ്ത്രക്രിയകൾ നടത്തുന്നതെന്ന് ഡോ.ഹാരിസ് ഇന്നലെ ചൂണ്ടിക്കാട്ടി. ഉപകരണക്ഷാമം ഒരുവർഷം മുമ്പേ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സജീവനെ അറിയിച്ചിരുന്നു. ഒരുവർഷം മുമ്പ് അദ്ദേഹത്തിന്റെ ശുപാർശയിലെത്തിയ രോഗിക്ക് ചികിത്സ ലഭിക്കുന്നതിൽ താമസമുണ്ടായി. തന്നെയും അന്നത്തെ പ്രിൻസിപ്പലിനെയും മന്ത്രിയുടെ ഓഫീസിലേക്ക് വിളിപ്പിച്ചു. യൂറോളജി വിഭാഗത്തിന്റെ പ്രതിസന്ധി വിശദീകരിച്ചു. അദ്ദേഹം ഉടൻ സൂപ്രണ്ടിനെ വിളിച്ച് പ്രശ്നം പരിഹരിക്കണമെന്ന് നിർദ്ദേശിച്ചു. എന്നാൽ, തന്നോട് ആരും അതേക്കുറിച്ച് സംസാരിച്ചിട്ടില്ല.
അന്വേഷണത്തിൽ മൂന്നു വിഷയങ്ങൾ
1.എത്ര ശസ്ത്രക്രിയകൾ മുടങ്ങി?
2.യഥാസമയം ഉപകരണങ്ങൾ വാങ്ങിയില്ലേ?
3.ഡോ.ഹാരിസ് ചുമതലയേറ്റശേഷം
ശസ്ത്രക്രിയകൾ കുറഞ്ഞോ, കൂടിയോ?
രണ്ടുമാസം കാത്തിരിപ്പ്
സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിലാണ് ഈ ദയനീയാവസ്ഥ. ഒരുപാട് രോഗികൾ ശസ്ത്രക്രിയയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. ആഗസ്റ്റുവരെ നീണ്ടുപോകുന്ന അവസ്ഥയാണ്.
41000 രൂപ വിലവരുന്ന 'ലാത്തോക്ളാസ്റ്റ് പ്രോബ്' ഉപകരണമാണ് വേണ്ടത്. ഒരു ഉപകരണം ഉപയോഗിച്ച് ഏഴോ എട്ടോ ശസ്ത്രക്രിയ നടത്താം. ഒരുദിവസം നാലോ അഞ്ചോ ശസ്ത്രക്രിയ നടത്താറുണ്ട്.
''ഡോ.ഹാരിസിനെതിരെ അച്ചടക്ക നടപടിയെടുത്താൽ ശക്തമായി ഇടപെടും
-ഡോ.റോസനാര ബീഗം
പ്രസിഡന്റ്, കെ.ജി.എം.സി.ടി.എ
ഡോ.ഹാരിസ് പറഞ്ഞതെല്ലാം അന്വേഷിക്കും: മന്ത്രി വീണ
പത്തനംതിട്ട: തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് സത്യസന്ധനും കഠിനാദ്ധ്വാനിയുമാണെന്നും അദ്ദേഹം ഉന്നയിച്ച കാര്യങ്ങളെല്ലാം അന്വേഷിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പതിനഞ്ച് വർഷമായി കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ചികിത്സതേടുന്ന രോഗികളുടെ എണ്ണവും ശസ്ത്രക്രിയകളുടെ എണ്ണവും ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. സിസ്റ്റത്തിന്റെ ചില പ്രശ്നങ്ങൾ ഇവിടെയുമുണ്ട്. രോഗവുമായി മുന്നിലെത്തുന്ന വ്യക്തി നമ്മുടെ സുഹൃത്തോ സഹോദരങ്ങളോ മാതാപിതാക്കളോ ആണെന്ന് ചിന്തിച്ചാൽ സിസ്റ്റം ശരിയാകും. അത് പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കഴിഞ്ഞദിവസം മൂന്ന് ശസ്ത്രക്രിയ ചെയ്തതായി ഡോ.ഹാരിസ് പറഞ്ഞു. നാലാമത്തെ ശസ്ത്രക്രിയ ചെയ്യുമ്പോൾ പ്രോബിന് കേടുപാടുണ്ടായി. മകന്റെ പ്രായത്തിലുള്ള രോഗിയാണ് ശസ്ത്രക്രിയയ്ക്ക് വിധേയമായിരുന്നതെന്ന് ഡോക്ടർ പറഞ്ഞത് വളരെ പ്രധാനമാണ്. സിസ്റ്റത്തിൽ ചില തിരുത്തലുകൾ വേണമെന്നാണ് ഡോ.ഹാരിസ് ആവശ്യപ്പെടുന്നത്. അദ്ദേഹത്തിന് സർക്കാരിൽ അത്രയും വിശ്വാസം ഉള്ളതുകൊണ്ടാണ് ഇക്കാര്യങ്ങൾ അറിയിച്ചത് എന്ന് കരുതുന്നു. വിശദമായ അന്വേഷണം നടക്കുകയാണ്. സർക്കാർ ആശുപത്രികളെ ഒന്നടങ്കം ആക്ഷേപിക്കരുത്. പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും 1600 കോടി രൂപ കഴിഞ്ഞവർഷം ആരോഗ്യ മേഖലയിൽ കേരളം ചെലവഴിച്ചെന്നും മന്ത്രി വിശദീകരിച്ചു.