ഹേമചന്ദ്രന്റെ കൊലപാതകം : തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു, വഴിത്തിരിവായത് മകളുടെ ഫോൺ കോൾ

Monday 30 June 2025 12:45 AM IST

കോഴിക്കോട്: ഒന്നരവർഷം മുമ്പ് കോഴിക്കോട് നിന്ന്കാണാതായ വയനാട് സുൽത്താൻ ബത്തേരി പൂമല ചെട്ടിമൂല സ്വദേശി ഹേമചന്ദ്രന്റെ കൊലപാതക കേസ് വഴിതിരിച്ചുവിടാൻ പ്രതികൾ ശ്രമിച്ചിരുന്നെന്നും അന്വേഷണത്തിന് വഴിത്തിരിവായത് മകൾക്ക് തോന്നിയ സംശയമായിരുന്നെന്നും ഡി.സി.പി അരുൺ.കെ.പവിത്രൻ.കൊലയ്ക്ക് ശേഷം മുഖ്യപ്രതി നൗഷാദും സഹായികളായ ജ്യോതിഷ്, അജേഷ് എന്നിവർ സ്വന്തം ഫോൺ നാട്ടിൽതന്നെ സൂക്ഷിച്ചിരുന്നു. ഹേമചന്ദ്രന്റെ ഫോണുമായി ​ഗുണ്ടൽപേട്ടിലും മൈസൂരുവിലുമെത്തി ഇവിടെ നിന്ന് ഹേമചന്ദ്രനാണെന്ന് പറഞ്ഞ് കുടുംബത്തെ വിളിച്ച് സംസാരിച്ചിരുന്നു.മകളെ വിളിച്ചപ്പോൾ ശബ്ദത്തിൽ തോന്നിയ സംശയമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.

ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി ദിവസങ്ങൾക്കകം തന്നെ വയനാട്ടിൽ വച്ച് കൊലപ്പെടുത്തി.ശേഷം മൃതദേഹം ചേരമ്പാടിയിലെ വനത്തിൽ കുഴിച്ചിടുകയായിരുന്നു.തണുത്തതും ചതുപ്പ് നിറഞ്ഞ പ്രദേശത്തിന്റെ കാലാവസ്ഥയുമാണ് മൃതദേഹം കൂടുതൽ അഴുകാനിടവരുത്താത്തത്.പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഊട്ടി മെഡി.കോളേജിൽ നിന്നും കോഴിക്കോട് മെഡി.കോളേജിലെത്തിച്ചു. ഡി.എൻ.എ പരിശോധനയ്ക്കായി സാമ്പിളുടെ ഫലം വന്ന ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്നും ഡി.സി.പി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.അതേസമയം കൊലപാതകം എവിടെവച്ച് എങ്ങനെ നടന്നെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

ഹേമചന്ദ്രനെ കുടുക്കാൻ ട്രാപ്പൊരുക്കി

മുഖ്യപ്രതി സുൽത്താൻ ബത്തേരി സ്വദേശി നൗഷാദാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഹേമചന്ദ്രൻ നൗഷാദിന് അഞ്ച് ലക്ഷത്തോളം രൂപ നൽകാനുണ്ടായിരുന്നു.പണം നൽകാത്തതിനാലും വിളിച്ചാൽ ഫോണെടുക്കാത്തതിനാലും ഹേമചന്ദ്രനെ കുടുക്കാൻ നൗഷാദ് വലയുണ്ടാക്കി.വീട്ടിലേക്ക് ജോലിക്ക് ആളെ വേണമെന്ന് പത്രത്തിൽ പരസ്യംനൽകി.പരസ്യം കണ്ട് കണ്ണൂരിലെ ഒരു യുവതി വിളിച്ചു.ഹേമചന്ദ്രനെ കുടുക്കാൻ കൂടെ നിൽക്കണമെന്ന് നൗഷാദ് യുവതിയോട് പറഞ്ഞു.ഇതനുസരിച്ച് ഹേമചന്ദ്രനുമായി സൗഹൃദമുണ്ടാക്കിയ യുവതി കാണാൻ വരാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് കാണാനായി പുറപ്പെട്ട ഹേമചന്ദ്രനെ നൗഷാദും സുഹൃത്തുക്കളും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.ശേഷം ഫോൺ ലൊക്കേഷൻ ഗുണ്ടൽപേട്ടിലും മൈസൂരുവിലും കാണുന്ന രീതിയിലാക്കി പ്രതികൾ തെറ്റിദ്ധരിപ്പിച്ചെന്നും ഡി.സി.പി പറഞ്ഞു

പ്രതികളായ നൗഷാദ്, ജ്യോതിഷ്, അജേഷ് എന്നിവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. കൊലപാതകമാണെന്ന് തെളിഞ്ഞതോടെ നൗഷാദ് ഒഴികെ മറ്റ് പ്രതികളെ അറസ്റ്റ് ചെയ്തു. മുഖ്യപ്രതി നൗഷാദ് രണ്ട് മാസം മുമ്പെ സൗദിയിലേക്ക് പോയെന്നും ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഗുണ്ടൽപേട്ടിലെ ഒരു സ്ത്രീക്കും തട്ടികൊണ്ടുപോയത് അറിയാമായിരുന്നെന്നും കൂടുതൽപേർ പ്രതികൾക്ക് സഹായം ചെയ്തിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.