ഹേമചന്ദ്രന്റെ കൊലപാതകം, ബത്തേരിയിലെ വീട്ടിലെന്ന് സംശയം
സുൽത്താൻ ബത്തേരി: ഒന്നരവർഷം മുമ്പ് കോഴിക്കോട് നിന്ന് കാണാതായ സുൽത്താൻ ബത്തേരി സ്വദേശി പൂമല ചെട്ടിമൂല ഹേമചന്ദ്രനെ (53) കൊന്നത് വീട്ടിൽ വച്ചെന്ന് സൂചന. പ്രതികളിലൊരാളായ നൗഷാദിന്റെ പക്കൽ വില്പനയ്ക്കായി ഒരാൾ ഏൽപ്പിച്ച വീട്ടിൽ വച്ച് കൃത്യം നടത്തിയതായാണ് സംശയം. പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. ഒരുവർഷം മുമ്പ് ഹേമചന്ദ്രൻ നൗഷാദിനോടൊപ്പം ഇവിടെ വന്നുപോയത് കണ്ടതായി നാട്ടുകാർ പറഞ്ഞു.
നിലവിൽ മലപ്പുറത്ത് താമസിക്കുന്നയാളുടേതായിരുന്നു ഈ വീട്. ഇയാൾ മലപ്പുറത്തേക്ക് താമസം മാറിയപ്പോൾ നൗഷാദിനെ ഏൽപ്പിക്കുകയായിരുന്നു. രണ്ടുവർഷം ഇയാളുടെ കൈവശമായിരുന്നു. ഇക്കാലയളവിൽ ഇവിടെ പലരും വന്നുപോയതായാണ് പറയപ്പെടുന്നത്. കഴിഞ്ഞ മൂന്ന് മാസമായി മലപ്പുറത്തേക്ക് താമസം മാറിയ വ്യക്തിയുടെ മാതാപിതാക്കളാണ് ഇവിടെ താമസിച്ചുവരുന്നത്. രണ്ടുമാസം മുമ്പാണ് നൗഷാദ് വിദേശത്തേക്ക് പോയതായി പറയുന്നത്. ഇയാൾ പൊലീസ് നിരീക്ഷണത്തിലാണ്.
ശനിയാഴ്ചയാണ് തമിഴ്നാട് നീലഗിരി ജില്ലയിലെ ചേരമ്പാടി വനമേഖലയിലെ കാപ്പിക്കാട് നിന്ന് ഹേമചന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മാടക്കര പനങ്ങാർ വീട്ടിൽ ജ്യോതീഷ്‌കുമാർ, വള്ളുവാടി സ്വദേശി അജേഷ് എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. കൊലയ്ക്ക് പിന്നിൽ സാമ്പത്തിക തർക്കമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.