എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റും കൊല്ലത്ത് നിന്ന്

Monday 30 June 2025 1:00 AM IST

കൊല്ലം: മധുരയിൽ ഏപ്രിലിൽ നടന്ന സി.പി.എം പാർട്ടി കോൺഗ്രസിൽ എം.എ.ബേബി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ കൊല്ലത്തിന് അഭിമാനിക്കാൻ ഏറെയുണ്ടായിരുന്നു. രണ്ട് മാസത്തിന് ശേഷം സി.പി.എമ്മിന്റെ വിദ്യാർത്ഥി സംഘടനയായ എസ്.എഫ്.ഐ ദേശീയ സമ്മേളനം നടത്തിയപ്പോൾ അതിന്റെ അമരത്തേക്കുമെത്തിയത് കൊല്ലത്തുകാരനാണെന്നത് ഇരട്ടി ആവേശമായി.

ചാത്തന്നൂർ സ്വദേശിയായ ആദർശ്.എം.സജിയെയാണ് ഇന്നലെ ദേശീയ കമ്മിറ്റി പ്രസിഡന്റായി എസ്.എഫ്.ഐ തിരഞ്ഞെടുത്തത്. സ്കൂൾ പഠനകാലത്തുതന്നെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായ ആദർശ് ജില്ലയിലെ സംഘടനാ നേതൃപദവിയിലേക്ക് ഉയർന്നത് വളരെ പെട്ടെന്നായിരുന്നു. ജില്ലയുടെ ചുമതലയേറ്റെടുത്ത് പാർട്ടി നേതൃത്വത്തിന്റെകൂടി പ്രശംസ നേടിയെടുത്തു. പിന്നെ സംസ്ഥാന വൈസ് പ്രസിഡന്റും അഖിലേന്ത്യാ ജോ. സെക്രട്ടറിയുമായി പ്രവർത്തിച്ചുവരികയായിരുന്നു. ഡെൽഹി ജനഹിത് ലാ കോളേജിൽ അവസാനവർഷ എൽ.എൽ.ബി വിദ്യാർത്ഥിയാണ്. സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി അംഗവുമാണ്.

ഇ.എം.എസ് നമ്പൂതിരിപ്പാടിന് ശേഷം എം.എ.ബേബിയാണ് കേരള ഘടകത്തിൽ നിന്ന് പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രണ്ടാമതെത്തിയത്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ നേതൃനിരയിലേക്ക് മന്ത്രി കെ.എൻ.ബാലഗോപാലടക്കമുള്ളവർ നേരത്തെ എത്തിയിട്ടുണ്ടെങ്കിലും സി.പി.എം ജനറൽ സെക്രട്ടറിയും എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റും ഒരേ ജില്ലയിൽ നിന്നുമെത്തുന്നത് ആദ്യമാണ്. മികച്ച സംഘാടനവും പെരുമാറ്റ മെച്ചവുമാണ് ആദർശിന്റെ മികവ്.