പിടികൊടുക്കാതെ കടുവ: ആളൊഴിഞ്ഞ് അടയ്ക്കാകുണ്ട് അങ്ങാടി
കാളികാവ്: ആളും ബഹളവും വ്യാപാരവും എല്ലാം തകൃതിയായിരുന്ന അടക്കാക്കുണ്ട് അങ്ങാടി ഇപ്പോൾ വിജനം. വന്യജീവികളെ പേടിച്ചാണെങ്കിലും കൃഷിയും മറ്റു മേഖലകളും സജീവമായിരുന്ന മേഖല ഒന്നര മാസം മുമ്പ് വരെ ജനജീവിതം സാധാരണ നിലയിലായിരുന്നു.
ഇന്നിപ്പോൾ നേരം ഇരുട്ടും മുമ്പ് അങ്ങാടി വിജനമാവുകയാണ്.
ഒന്നര മാസം മുമ്പ് ടാപ്പിംഗ് തൊഴിലാളിയെ കടുവ കടിച്ചു കൊന്നതോടെയാണ് പ്രദേശത്തിന്റെ ദുർഗതിക്ക് തുടക്കം.
നരഭോജി കടുവയെ പിടികൂടുന്നതിന് ദ്രുത കർമ്മ സേന നടത്തുന്ന ശ്രമങ്ങൾ വിഫലമായതോടെ ജനങ്ങളുടെ ഭയം വിട്ടുമാറുന്നില്ല.കഴിഞ്ഞ രണ്ടാഴ്ചയോളമായി കടുവ ഈ പ്രദേശത്ത് തിരിച്ചെത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്.
കൃഷിയും കൃഷിപ്പണിയും പാടെ നിലച്ചതോടെ വന വിഭവങ്ങളുടെ വരവ് നിലച്ചു. ആളുകളെത്താത്തതിനാൽ വ്യാപാര മേഖലയും നിലച്ച മട്ടാണ്.
കടുവയെ പിടികൂടുംവരെ മേഖലയിൽ തോട്ടങ്ങളിൽ പലരും ഉത്പാദനം നിറുത്തി വച്ചിരിക്കുകയാണ്. ഇതോടെ തൊഴിലാളികളുടെ ജീവിതോപാധികളും വഴിമുട്ടി.
ഉമ്മച്ചൻകാട്, പോത്തൻകാട്, മഞ്ചോല, റാവുത്തൻകാട്, രണ്ടാം ബ്ലോക്ക് തുടങ്ങിയ മേഖലയിലെ തോട്ടങ്ങളിൽ പേരിനു മാത്രമാണ് ടാപ്പിംഗ് നടക്കുന്നത്.
മലവാരങ്ങളിൽ കവുങ്ങ്, വാഴ കൃഷി നടത്തുന്ന കർഷകരും പ്രതിസന്ധിയിലാണ്.
കമുങ്ങ് തോട്ടങ്ങളിൽ മരുന്ന് തളിക്കുന്ന സമയമാണിപ്പോൾ. എന്നാൽ കടുവ ഭീഷണിയുള്ളതിനാൽ തൊഴിലാളികളെ ജോലിക്ക് കിട്ടുന്നില്ല.
തൊഴിലും കൃഷിയും നിലച്ചതോടെ മലയോര മേഖലയിലെ കാർഷിക വ്യാപാര മേഖല പ്രതിസന്ധി നേരിടുകയാണ്.