ഒരു വയസുകാരന് ബാധിച്ചിരുന്നത് കടുത്ത മഞ്ഞപ്പിത്തം, മരിച്ചത് ചികിത്സ വൈകിയതിനാലെന്ന് പോസ്റ്റ്‌‌മോർട്ടത്തിൽ നിഗമനം

Monday 30 June 2025 9:12 AM IST

മലപ്പുറം: കോട്ടയ്‌ക്കലിൽ മാതാപിതാക്കൾ ചികിത്സ നൽകാത്തതിനാൽ ഒരുവയസുകാരൻ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു എന്ന ആരോപണം ഉയർന്നത് ദിവസങ്ങൾക്ക് മുൻപാണ്. സംഭവത്തിൽ പോസ്റ്റ്‌മോ‌ർട്ടം റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. കടുത്ത മഞ്ഞപ്പിത്തം ബാധിച്ചാണ് ഒരുവയസും രണ്ടുമാസവും മാത്രം പ്രായമുള്ള ഇസെൻ ഇർഹാൻ മരിച്ചത്. മഞ്ഞപ്പിത്തത്തിനുള്ള ചികിത്സ വൈകിയെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. കുറുവ പാങ്ങ് ചേണ്ടി കോട്ടക്കാരൻ ഹൗസിൽ നവാസ്- ഹിറ ഹറീറ ദമ്പതികളുടെ മകനാണ് വെള്ളിയാഴ്‌ച വൈകിട്ട് അഞ്ചോടെ മരിച്ചത്.

കുട്ടിക്ക് ദിവസങ്ങൾക്ക് മുൻപേ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു എന്നാണ് വിവരം. മഞ്ചേരി മെഡിക്കൽ കോളേജിലെ ഡോ. രഹ്‌നാസിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസമാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. കുഞ്ഞിന് എന്തെങ്കിലും ചികിത്സ നൽകിയോ?​ എന്ത് തരം മരുന്നാണ് നൽകിയത് എന്നെല്ലാം അറിയാൻ സാമ്പിളിന്റെ രാസപരിശോധനാ ഫലം വരേണ്ടതുണ്ട്. കാടാമ്പുഴ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റ‌ർ ചെയ്‌തിരിക്കുന്നത്. സ്റ്റേഷൻ ഹൗസ് ഓഫീസർ കമറുദ്ദീൻ വള്ളിക്കാടൻ വൈകാതെ മഞ്ചേരി ഫോറൻസി് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കറുമായി കൂടിക്കാഴ്‌ച നടത്തും.

അസ്വാഭാവിക മരണത്തിനാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ കൂടി മനസിലാക്കിയാകും പൊലീസ് കൂടുതൽ നടപടിയിലേക്ക് കടക്കുക. അക്യുപങ്‌ചർ ചികിത്സാ രീതി പ്രോത്സാഹിപ്പിക്കുന്നയാളാണ് കുഞ്ഞിന്റെ മാതാവ് ഹിറ ഹറീറ. ഇവരുടെ രണ്ട് കുട്ടികളെയും വീട്ടിൽതന്നെയാണ് ജന്മം നൽകിയത്. ആധുനിക വൈദ്യത്തിനെതിരെ പത്രകട്ടിങ്ങുകളടക്കം നിരത്തി ഇവർ സമൂഹമാദ്ധ്യമങ്ങളിൽ വിമ‌‌ർശിക്കാറുമുണ്ട്. ഇസെന് പുറമെ അഞ്ച് വയസുള്ള ഒരു പെൺകുട്ടി കൂടി ഈ ദമ്പതികൾക്കുണ്ട്. കുട്ടികൾക്ക് ഒരുതരത്തിലുള്ള കുത്തിവയ്‌പ്പും എടുത്തിട്ടില്ലെന്നാണ് സൂചന.