എസ് എഫ് ഐയുടെ സമ്മേളനം പ്രമാണിച്ച് ഹൈസ്‌കൂളിന് അവധി നൽകി, വ്യാപക പരാതി

Monday 30 June 2025 3:31 PM IST

കോഴിക്കോട്: എസ് എഫ് ഐയുടെ ദേശീയ സമ്മേളനത്തിന്റെ പേരിൽ സർക്കാർ സ്‌കൂളിന് അവധി നൽകിയതായി പരാതി. കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ് ഹൈസ്‌കൂളിനാണ് പ്രധാന അദ്ധ്യാപകൻ ഇന്ന് അവധി നൽകിയത്. എസ് എഫ് ഐക്കാരുടെ ആവശ്യപ്രകാരമാണ് അവധി നൽകിയതെന്നും ആവശ്യം നിരസിക്കാൻ കഴിയില്ലെന്നുമാണ് സ്‌കൂളിലെ പ്രധാനാദ്ധ്യാപകന്റെ വിശദീകരണം.

എസ് എഫ് ഐ ദേശീയ സമ്മേളനം നടക്കുന്നതിനാൽ കോഴിക്കോട് നഗരത്തിലെ സ്‌കൂളുകളിൽ പഠിപ്പ് മുടക്കുകയാണെന്നും സഹകരിക്കണമെന്നും എസ് എഫ് ഐ നേതാക്കൾ ആവശ്യപ്പെട്ടതിനാലാണ് സ്‌കൂളിന് അവധി നൽകിയതെന്നും പ്രധാനാദ്ധ്യാപകൻ പറഞ്ഞു. രാവിലെ 10.30നാണ് ഹൈസ്‌കൂൾ വിഭാഗം ക്ളാസ് വിട്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന സമാപന സമ്മേളനത്തിലേയ്ക്ക് ആളെ കൂട്ടാനാണ് വിദ്യാർത്ഥികളെ എസ് എഫ് ഐ പ്രവർത്തകർ വിളിച്ചിറക്കിയതെന്നാണ് ആരോപണം ഉയരുന്നത്.

ഇന്ന് സ്‌കൂളിന് അവധി നൽകിയേക്കുമെന്ന സൂചന നൽകി കഴിഞ്ഞദിവസം പ്രധാനാദ്ധ്യാപകൻ രക്ഷിതാക്കളുടെ വാട്‌സാപ്പ് ഗ്രൂപ്പിലേയ്ക്ക് സന്ദേശം അയച്ചിരുന്നു. 10.30 കഴിഞ്ഞ് സ്‌കൂൾ വിടുന്നില്ലെന്ന് ഉറപ്പ് വരുത്തിയതിനുശേഷം മാത്രമേ രക്ഷിതാക്കളും മറ്റ് വാഹനങ്ങളും തിരിച്ചുപോകാവൂ എന്നാണ് സന്ദേശത്തിൽ പറഞ്ഞത്.'പ്രിയ രക്ഷിതാക്കളെ, ഒരു വിദ്യാർത്ഥി സംഘടന സ്‌കൂളുകളിൽ ഒരു സമരത്തിന് ആഹ്വാനം ചെയ്തതായി അറിയാൻ കഴിഞ്ഞു. അത്തരം സാഹചര്യം വന്നാൽ സ്‌കൂൾ വിടേണ്ടി വരും. അതുകൊണ്ട് 10.30 കഴിഞ്ഞതിനുശേഷം സ്‌കൂൾ വിടുന്നില്ലെന്ന് ഉറപ്പുവരുത്തിയതിനുശേഷമേ രക്ഷിതാക്കളും ഓട്ടോ ഡ്രൈവ‌ർമാരും തിരിച്ചുപോകാവൂ എന്ന് അഭ്യർത്ഥിക്കുന്നു'- എന്നായിരുന്നു പ്രധാനാദ്ധ്യാപകന്റെ സന്ദേശം. മൂന്നു നാൾ നീണ്ട എസ് എഫ് ഐ അഖിലേന്ത്യാ സമ്മേളനത്തിന് ഇന്ന് സമാപനമായിരിക്കുകയാണ്. പൊതുസമ്മേളനം രാവിലെ 11ന് കോഴിക്കോട് കടപ്പുറത്തെ കെ.വി.സുധീഷ് നഗിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.