പാലക്കാട്-കോഴിക്കോട് പകൽ ട്രെയിനിന്റെ സമയക്രമം മാറ്റണമെന്ന് യാത്രക്കാർ
പാലക്കാട്: പകൽ സമയത്തെ യാത്രാപ്രശ്നം പരിഹരിക്കാൻ അനുവദിച്ച പാലക്കാട്-കോഴിക്കോട് സ്‌പെഷ്യൽ അൺറിസർവ്ഡ് ട്രെയിനിന്റെ സമയക്രമം അശാസ്ത്രീയമാണെന്ന പരാതിയുമായി യാത്രക്കാർ. രാവിലെ 10.10ന് കോഴിക്കോട്ടു നിന്ന് സർവീസ് തുടങ്ങി പകൽ 1.05ന് പാലക്കാട്ടെത്തി, പാലക്കാട്ടു നിന്ന് പകൽ 1.50ന് കോഴിക്കോട്ടേക്ക് പോകുന്ന തരത്തിലാണ് ട്രെയിനിന്റെ നിലവിലെ സമയക്രമം. ഇത് പാലക്കാട്ടു നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നവർക്ക് ഈ സമയക്രമം ഗുണകരമല്ലെന്നാണ് ആക്ഷേപം. പഠന-ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് കോയമ്പത്തൂരിനെ ആശ്രയിക്കുന്ന കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ യാത്രക്കാരാണ് ഈ റൂട്ടിൽ യാത്ര ചെയ്യുന്നവരിലേറെയും. കോയമ്പത്തൂർ-ഷൊർണൂർ മെമുവാണ് ഇവരുടെ പ്രധാന ആശ്രയം. 11.55ന് കോയമ്പത്തൂരിൽ നിന്ന് പുറപ്പെടുന്ന മെമു പകൽ ഒന്നോടെ പാലക്കാട്ടും രണ്ടോടെ ഷൊർണൂരുമെത്തും. രണ്ടിന് ഷൊർണൂരിൽ എത്തുന്ന വടക്കോട്ടുള്ള യാത്രക്കാർക്ക് 2.15നുള്ള പരശുറാം എക്സ്പ്രസ് ഉൾപ്പെടെ ദീർഘദൂര ട്രെയിനുകൾ കിട്ടും. എന്നാൽ ഉച്ചയ്ക്ക് ഒന്നിന് പാലക്കാട്ട് എത്തുന്ന മെമുവിലെ യാത്രക്കാർക്ക് കോഴിക്കോട്ടേക്കുള്ള സ്‌പെഷ്യൽ ട്രെയിനിനുവേണ്ടി ഒരു മണിക്കൂറോളം കാത്തുനിൽക്കണം. അതിനാൽ പലരും ഷൊർണൂരിൽപ്പോയി മറ്റ് ട്രെയിനുകളെ ആശ്രയിക്കുകയാണ്. ഈ സാഹചര്യത്തിൽ പുതിയ ട്രെയിനിന്റെ സമയം പുനഃക്രമീകരിച്ച് വൈകിട്ട് ഓടുന്ന തരത്തിലാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. പകൽ 3.15നുശേഷം കോയമ്പത്തൂർ-കണ്ണൂർ എക്സ്പ്രസ് പോയാൽ ഈ റൂട്ടിൽ കോഴിക്കോട് ഭാഗത്തേക്ക് പിന്നെയുള്ളത് രാത്രി 11നുള്ള ചെന്നൈ - മംഗളൂരു വെസ്റ്റ്‌കോസ്റ്റ് എക്സ്‌പ്രസ് ആണ്. ഇതിനിടയിൽ ഏഴുമണിക്കൂറോളം ഡിവിഷൻ ആസ്ഥാനത്തു കൂടെ ട്രെയിനില്ല. ഓഫീസ് ജോലിക്കാരുൾപ്പെടെ യാത്രക്കാരുടെ വൻതിരക്ക് അനുഭവപ്പെടുന്ന സമയമാണിത്. അതിനാൽ പുതിയ സ്പെഷ്യൽ ട്രെയിനിന്റെ കോഴിക്കോട്ടേക്കുള്ള യാത്ര ഈ സമയത്തേക്കു മാറ്റിയാൽ ആയിരക്കണക്കിനാളുകൾക്ക് ഉപകാരപ്രദമാകുമെന്ന് ഈ റൂട്ടിലെ സ്ഥിരം യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. പാലക്കാട്–കോഴിക്കോട് റൂട്ടിലെ യാത്രാപ്രശ്നം പരിഹരിക്കാൻ 23 മുതലാണ് ഈ റൂട്ടിൽ താൽക്കാലികമായി അൺറിസർവ്ഡ് ട്രെയിൻ അനുവദിച്ചത്. പാലക്കാട് നിന്നുള്ള സർവീസ് കണ്ണൂർ വരെയുണ്ട്. നിലവിൽ സെപ്തംബർ 15വരെ ഓടുമെന്നാണ് റെയിൽവേ പറയുന്നത്. തിരക്കനുസരിച്ച് സർവീസ് ദീർഘിപ്പിച്ചേക്കാം. ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ, താനൂർ, പരപ്പനങ്ങാടി, ഫറോക്ക്, കോഴിക്കോട്, കൊയിലാണ്ടി, പയ്യോളി, വടകര എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.