മലയാളികള്‍ക്ക് സാധനം കിട്ടാനില്ല; കോളടിച്ചത് തമിഴ്‌നാടിന്, കയറ്റി അയക്കുന്നത് വിദേശത്തേക്ക്

Monday 30 June 2025 9:43 PM IST

തിരുവനന്തപുരം: വിദേശത്തേക്ക് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ദ്ധിച്ചപ്പോള്‍ തമഴിനാട്ടിലെ കച്ചവടക്കാരുടെ പോക്കറ്റ് നിറയെ പണം കിട്ടുകയാണ്. ആവശ്യത്തിന് സാധനം കിട്ടാതെ വന്നത് കേരളത്തിനും മലയാളികള്‍ക്കും. അമേരിക്കയുടെ മുട്ട ക്ഷാമം പരിഹരിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്ന് കയറ്റുമതി വര്‍ദ്ധിച്ചപ്പോള്‍ കേരളത്തില്‍ ആവശ്യത്തിന് സാധനം കിട്ടാതെ വരികയും വില വര്‍ദ്ധിക്കുകയും ചെയ്തു. അമേരിക്കയില്‍ മുട്ട ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ ഇന്ത്യയില്‍ നിന്നും കയറ്റിയയച്ചത് ഒരു കോടി മുട്ടകളാണ്.

തമിഴ്നാട്ടിലെ നാമക്കല്ലില്‍ നിന്നാണ് ഇത്രയും മുട്ടകള്‍ കപ്പല്‍ മാര്‍ഗം യു.എസിലേക്ക് കയറ്റിവിട്ടത്. 21 കണ്ടെയ്നറുകളിലായിട്ടാണ് ഇത്രയും മുട്ടകള്‍ കയറ്റുമതി നടത്തിയത്. കേരളത്തിലേക്ക് നാമക്കല്ലില്‍ നിന്നുള്ള മുട്ടകളുടെ വരവ് കുറഞ്ഞതോടെ അത് വീടുകളെ മുതല്‍ തട്ടുകടകളെ വരെ സാരമായി ബാധിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ നാമക്കല്ലില്‍ നിന്നാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് മുട്ട കയറ്റുമതി ചെയ്യുന്നത്. യുഎഇ, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍ തുടങ്ങിയ മിഡില്‍ ഈസ്റ്റിലെ നിരവധി രാജ്യങ്ങളിലേക്കും നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും ഇന്ത്യയില്‍ നിന്ന് പ്രതിമാസം ഏകദേശം 200 ദശലക്ഷം മുട്ടകള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.

അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാന്‍ കഴിഞ്ഞതോടെ നാമക്കല്ലിലെ മുട്ടക്കോഴി വ്യാപാരികള്‍ക്ക് കോളടിച്ചിട്ടുണ്ട്. മറ്റ് പല രാജ്യങ്ങളേക്കാള്‍ വലിയ മാര്‍ക്കറ്റാണ് അമേരിക്കയെന്നതിനാല്‍ തന്നെ ലാഭം കുമിഞ്ഞ് കൂടുകയാണ്. ആഭ്യന്തര വിപണിയില്‍ വില്‍ക്കുന്നതിലും കൂടുതല്‍ വരുമാനം കയറ്റുമതിയിലൂടെ ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. അമേരിക്കയിലേക്ക് മുട്ട കയറ്റുമതി ചെയ്തിരുന്ന നിരവധി രാജ്യങ്ങളില്‍ പക്ഷിപ്പനി പടര്‍ന്നുപിടിച്ചതാണ് ഫലത്തില്‍ തമിഴ്‌നാടിന് ഗുണവും മലയാളികള്‍ക്ക് തിരിച്ചടിയുമായത്.