ഹോമിയോ ആശുപത്രിക്ക് പുതിയ ഒ.പി ബ്ലോക്ക്
കൊച്ചി: ജില്ലാ ഹോമിയോ ആശുപത്രിയിലെ നവീകരിച്ച ഒ.പി ബ്ലോക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് രോഗികൾക്കും മെഡിക്കൽ ഓഫീസർമാർക്കും കൂടുതൽ സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടം കതൃക്കടവിലെ ആശുപത്രിവളപ്പിൽ നിർമ്മിച്ചത്. ആരോഗ്യമേഖലയ്ക്കായി കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ നടപ്പാക്കുന്ന ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.
ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.ജെ ജോമി, ആശ സനിൽ, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഉല്ലാസ് തോമസ്, അംഗങ്ങളായ ശാരദ മോഹൻ, ഷൈമി വർഗീസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം ഷെഫീക്ക്, ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. മേഴ്സി ഗോൺസാൽവസ് തുടങ്ങിയവർ പങ്കെടുത്തു. 21 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ആശുപത്രി സൂപ്രണ്ട് ഡോ. എസ്.ശ്രീവിദ്യക്ക് യാത്ര അയപ്പ് നൽകി.