സംരംഭങ്ങൾക്ക് കെസ്വിഫ്റ്റിലൂടെ താത്കാലിക കെട്ടിട നമ്പർ
തിരുവനന്തപുരം: കെ സ്വിഫ്റ്റ് പ്ലാറ്റ് ഫോം വഴി രജിസ്റ്റർ ചെയ്ത സംരംഭങ്ങൾക്ക് താത്കാലിക കെട്ടിട നമ്പർ ഉടൻ ലഭ്യമാകും. ബാങ്ക് വായ്പകളും മറ്റ് അവശ്യ സേവനങ്ങളും കാലതാമസം കൂടാതെ ലഭ്യമാക്കാൻ ഇതോടെ സാധിക്കും. കെസ്വിഫ്റ്റ് വഴി രജിസ്റ്റർ ചെയ്ത 50 കോടി വരെ നിക്ഷേപമുള്ള സംരംഭങ്ങൾക്ക് മൂന്നര വർഷം വരെ സാധുതയുള്ള താല്ക്കാലിക കെട്ടിട നമ്പർ ലഭിക്കും. ഈ കാലയളവിനുള്ളിൽ സ്ഥിര നമ്പർ നേടണം.
കെസ്വിഫ്റ്റ് വഴി അപേക്ഷിക്കുമ്പോൾ ലഭിക്കുന്ന അക്‌നോളജ്‌മെന്റ് സർട്ടിഫിക്കറ്റിലെ നമ്പരിനെ താല്ക്കാലിക കെട്ടിട നമ്പരായി കണക്കാക്കും. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള (എം.എസ്എം.ഇ) നിർണായക രേഖയാണ് അക്‌നോളജ്‌മെന്റ് സർട്ടിഫിക്കറ്റ്. മലിനീകരണ നിയന്ത്രണ ബോർഡ് മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് 'റെഡ്' വിഭാഗത്തിൽ പെടുത്തിയിട്ടില്ലാത്ത സംരംഭങ്ങൾക്ക് വിവിധ സംസ്ഥാന നിയമങ്ങൾ പ്രകാരം മുൻകൂർ അനുമതി നേടാതെ പ്രവർത്തനം ആരംഭിക്കാൻ ഈ സർട്ടിഫിക്കറ്റ് മതിയാവും.
രജിസ്‌ട്രേഷനും ലൈസൻസിനുമുള്ള അപേക്ഷാഫോമുകൾ സമർപ്പിക്കുന്നതിനും തൊഴിൽ, മലിനീകരണ നിയന്ത്രണ ബോർഡ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ 22 ലധികം വകുപ്പുകളിൽ നിന്നും ബോർഡുകളിൽ നിന്നും സർട്ടിഫിക്കറ്റുകളും ക്ലിയറൻസുകളും നേടുന്നതിനും കെസ്വിഫ്റ്റ് പ്രയോജനപ്പെടുത്താനാകും. അപേക്ഷിക്കാൻ: kswift.kerala.gov.in