ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് 2,439 പേർക്ക് നിയമനം

Tuesday 01 July 2025 12:29 AM IST

തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് രൂപീകരിച്ച 2016 മുതൽ ഇതുവരെ 2,439 പേർക്ക് നിയമനം നൽകിയതായി ചെയർമാൻ കെ.ബി. മോഹൻദാസ്. പ്രസിദ്ധീകരിച്ച 115 റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട 6,429 പേരിൽ നിന്നാണിത്. തിരുവിതാംകൂർ, മലബാർ, ഗുരുവായൂർ,കൊച്ചി, കൂടൽമാണിക്യം ദേവസ്വങ്ങളിലായി 157 തസ്തികകൾ വിജ്ഞാപനം ചെയ്തു.

എഴുത്തുപരീക്ഷ, അഭിമുഖം, പ്രായോഗികപരീക്ഷ എന്നിവയിലൂടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് സുതാര്യമായാണ് നടപടിക്രമങ്ങൾ. മാർക്ക്,​ റിപ്പോർട്ട് ചെയ്തിട്ടുള്ള ഒഴിവുകൾ,​ പ്രതീക്ഷിക്കുന്ന ഒഴിവുകൾ എന്നിവ കണക്കാക്കിയാണ് മെയിൻ ലിസ്റ്റും സംവരണലിസ്റ്റും പ്രസിദ്ധീകരിക്കുന്നത്.

റാങ്ക് ലിസ്റ്റിൽ തിരിമറി നടത്തി ജോലിനൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടാൻ ശ്രമിക്കുന്നവരെക്കുറിച്ച് റിക്രൂട്ട്‌മെന്റ് ബോർഡിലോ പൊലീസിലോ അറിയിക്കണം.

ഗുരുവായൂർ ദേവസ്വം

1.03 ലക്ഷം അപേക്ഷ

ഗുരുവായൂർ ദേവസ്വത്തിൽ 38 തസ്തികകളിലെ 406 ഒഴിവുകളിലേക്ക് 1.03 ലക്ഷം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. എൽ.ഡി ക്ലർക്ക് തസ്തികയിലേയ്ക്ക് അപേക്ഷിച്ചിട്ടുള്ള 57,762പേർക്ക് തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് ജില്ലകളിലായി 13ന് ഒ.എം.ആർ പരീക്ഷ നടത്തും. സാനിറ്റേഷൻ വർക്കർ, ഗാർഡനർ, കൗബോയ്, ലിഫ്റ്റ് ബോയ്, റൂംബോയ്, വിളക്കുതുട, കൃഷ്ണനാട്ടം സ്റ്റേജ് അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ്, സ്വീപ്പർ തുടങ്ങി 11 തസ്തികകളിൽ 14,365 അപേക്ഷകർക്കായി 20ന് തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ ഒ.എം.ആർ പരീക്ഷ നടത്തും.

നിയമനം ഇതുവരെ
(ബോർഡ്, തസ്തികകളുടെ എണ്ണം, പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ്,

ലിസ്റ്റിലുള്ളവരുടെ എണ്ണം, നിയമനം ക്രമത്തിൽ)


തിരുവിതാംകൂർ: 32 - 31- 3390- 1443

കൊച്ചി: 17- 17- 1181- 546

ഗുരുവായൂർ: 85- 45- 1080-278

മലബാർ: 12 -12 - 465 -116

കൂടൽമാണിക്യം: 05 - 05 - 150 - 26
റിക്രൂട്ട്‌മെന്റ് ബോർഡ്: 06 -05 -163 - 30