പെൻഷൻ പിടിച്ചെടുത്ത് വായ്പാകുടിശികയിൽ അടച്ചു,​ പ്രതിഷേധം കനത്തപ്പോൾ തിരിച്ചു നൽകി ബാങ്ക്

Tuesday 01 July 2025 1:34 AM IST

വൈപ്പിൻ: കിടപ്പ് രോഗിയുടെ തുച്ഛമായ പെൻഷൻ വായ്പാകുടിശികയിൽ പിടിച്ചെടുത്തതിൽ പ്രതിഷേധം വ്യാപകമായതോടെ തുക തിരിച്ച് നൽകി ബാങ്ക്. എളങ്കുന്നപ്പുഴ വളപ്പ് ബീച്ചിന് കിഴക്ക് പരേതനായ മണലിൽ ലോഹിതാക്ഷന്റെ ഭാര്യ വയോധികയായ സുലോചനയുടെ പെൻഷൻ തുകയാണ് യൂണിയൻ ബാങ്ക് മാലിപ്പുറം ശാഖ വായ്പാ കുടിശികയിലേക്ക് വരവ് വച്ചത്.

കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു ) അംഗമായിരുന്ന സുലോചന 66-ാം വയസിൽ രോഗബാധിതയായി കിടപ്പിലാക്കുന്നത് വരെ പണിയെടുത്തിരുന്നു. ഇവർക്ക് നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിൽ നിന്നും വിധവാ പെൻഷൻ ഇനത്തിൽ നിന്നുമായി ജൂൺ 17ന് വന്ന പതിനേഴായിരം രൂപയിലാണ് ബാങ്ക് കൈവച്ചത്. ഈ തുകയിൽ നിന്ന് 7,​000 രൂപ വായ്പ കുടിശികയിലേക്ക് വരവ് വച്ചു. ബാക്കി 10,​000 രൂപ മരവിപ്പിച്ചു. സുലോചന ഉൾപ്പെടെ 11 പേരടങ്ങുന്ന കുടുംബശ്രീ യൂണിറ്റ് 5 ലക്ഷം രൂപ ബാങ്കിൽ നിന്ന് വായ്പയെടുത്തിരുന്നു. ഈ വായ്പയിൽ കുടിശിക വന്നതിനെ തുടർന്നാണ് സുലോചനയുടെ പെൻഷനിൽ നിന്ന് ബാങ്ക് റിക്കവറി ചെയ്തത്.

കാൻസർ, ഹൃദ്രോഗം, കിഡ്‌നി അസുഖങ്ങളെ തുടർന്ന് സുലോചന ദീർഘനാളായി ചികിത്സയിലാണ്. ഇവർക്ക് ഇന്നലെ കോട്ടയം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഈ ആവശ്യത്തിലേക്ക് പണം എടുക്കാൻ മകൾ ബാങ്കിലെത്തിയപ്പോഴാണ് തുക കുടുംബശ്രീ വായ്പാ കുടിശികയിലേക്ക് വരവ് വെച്ച കാര്യം അറിഞ്ഞത്. തുടർന്ന്,​ ശസ്ത്രക്രിയ മാറ്റിവയ്‌ക്കേണ്ടി വന്നു. ഇതറിഞ്ഞ സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം വൈപ്പിൻ മേഖലാസമിതി ജനറൽ കൺവീനർ ടി. പി. പുഷ്‌കരൻ, ചെയർമാൻ ടി. രാജു എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ ഇന്നലെ ബാങ്കിന് മുന്നിൽ സമരം നടത്തി. ബാങ്ക് അധികൃതർ റീജിയണൽ ഓഫീസുമായി ബന്ധപ്പെട്ട് പ്രശ്‌നത്തിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്തിയതോടെ പെൻഷനിൽ നിന്ന് പിടിച്ചെടുത്ത തുക മാനുഷിക പരിഗണന വെച്ച് സുലോചനയ്ക്ക് തിരിച്ച് നൽകുകയായിരുന്നു.

കുടിശികക്കാരുടെ അക്കൗണ്ടിൽ പണം വന്നാൽ അതിൽ നിന്ന് വായ്പാ കുടിശികയിലേക്ക് തുക ട്രാൻസ്ഫർ ആകും. സുലോചനയുടെ റിക്കവറി ചെയ്ത തുക റീജിയണൽ ഓഫീസിന്റെ നിർദ്ദേശത്തോടെ തിരിച്ച് നൽകി.

ജിബിൻ,​

ബ്രാഞ്ച് മാനേജർ,

യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ

മാലിപ്പുറം.