ബാലരാമപുരത്ത് വൻകിട സംരംഭങ്ങളുമായി ടാൽറോപ്പ്

Tuesday 01 July 2025 12:41 AM IST

കോവളം: തിരുവനന്തപുരം ജില്ലയിലെ പത്താമത്തെ വില്ലേജ് പാർക്ക് ബാലരാമപുരത്ത് പ്രവർത്തനം തുടങ്ങി. ബാലരാമപുരം ഗ്രാമപഞ്ചായത്തിനെ ടെക്നോളജിയുടെയും സംരംഭകത്വത്തിന്റെയും പ്രദേശമാക്കി മാറ്റുന്ന ടാൽറോപിന്റെ വില്ലേജ് പാർക്കിന്റെ ഉദ്‌ഘാടനം കോവളം എം.എൽ.എ എം. വിൻസെന്റ് നിർവഹിച്ചു. നൂതന ടെക്നോളജിയും ഇന്നവേറ്റീവ് വിദ്യാഭ്യാസവും വൻകിട സംരംഭങ്ങളുമെല്ലാം വില്ലേജ് പാർക്കിലൂടെ എത്തുന്നതിനൊപ്പം വിഴിഞ്ഞം പ്രോജക്ട്‌ തുറന്നിടുന്ന വിപുലമായ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനും വഴിതെളിയുമെന്ന് അദ്ദേഹം പറഞ്ഞു. ബാലരാമപുരത്തെ വില്ലേജ് പാർക്കിൽ അന്തർദേശീയ നിലവാരത്തിലുള്ള ഇൻഫ്രാസ്ട്രക്ചറാണ് ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെയുള്ള വർക്ക്സ്പേസ്, നിരവധി ഐ.ടി പ്രൊഫഷണലുകളുടെയും സംരംഭകരുടെയും സാന്നിധ്യം തുടങ്ങിയവയാണ് സവിശേഷതകൾ. അനവധി സംരംഭങ്ങളെത്തുന്നതോടെ നിരവധി തൊഴിലവസരങ്ങളും പഞ്ചായത്തിൽ സൃഷ്ടിക്കപ്പെടുമെന്നും ടാൽറോപ് അറിയിച്ചു. സിലിക്കൺ വാലി മോഡൽ ബാലരാമപുരം പ്രൊജക്ടിന്റെ ഇൻഫ്രാസ്ട്രക്ചർ പാർട്ണർ അബ്ദുൾ ഹക്കിമിനെ ചടങ്ങിൽ ആദരിച്ചു. വില്ലേജ് പാർക്ക് ഇൻഫ്രാസ്ട്രക്ചർ പ്രതിനിധി ഫൈറൂസ് മുഹമ്മദ്, ടാൽറോപ് കമ്മ്യൂണിറ്റി ഡയറക്ടർ ഫസ്‌ന സി.വി, സെയിൽസ് ഡയറക്ടർ പ്രവീൺ പി.ജെ, പ്രൊജക്ട് മാനേജർ ഗായത്രി ദേവി ആർ, ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർ സൂര്യ ജെ.എസ് തുടങ്ങിയവർ പങ്കെടുത്തു.