സർക്കാർ തീരുമാനത്തിനൊപ്പമാണ് പാർട്ടി: എം.വി. ഗോവിന്ദൻ

Monday 30 June 2025 10:52 PM IST

കണ്ണൂർ: പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ചത് ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കൂത്തുപറമ്പ് കേസിൽ റവാഡയെ കോടതി ഒഴിവാക്കിയതാണ്. അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്മേൽ കോടതി തീരുമാനമെടുക്കുകയായിരുന്നു. ഐ.പി.എസ് ട്രെയിനിംഗ് പൂർത്തിയാക്കിയ റവാഡ വെടിവയ്പിന് രണ്ട് ദിവസം മുമ്പ് മാത്രം ചുമതലയേറ്റയാളാണ്. തലശ്ശേരി എ.സി.പിയായി ചുമതലയേറ്റ റവാഡയ്ക്ക് കാര്യമായ പരിചയമുണ്ടായിരുന്നില്ല. പാർട്ടി സർക്കാർ തീരുമാനത്തിനൊപ്പമാണ്. ഈ വിഷയത്തിൽ പി.ജയരാജന്റെ പ്രതികരണം വിമർശനമായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി പ്രവർത്തകരുടെ വികാരം ഇളക്കിവിടാൻ ശ്രമിക്കുന്നത് മാദ്ധ്യമങ്ങളാണ്. പത്മനാഭൻ കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഒഴിവാക്കിയത്. തളിപ്പറമ്പ് ഡിവൈ.എസ്.പിയായിരുന്ന ഹക്കീം ബത്തേരിയാണ് വെടിവയ്പിനും ലാത്തിച്ചാർജിനും നേതൃത്വം നൽകിയത്. പി.ജയരാജൻ ഉന്നയിച്ചത് എതിർപ്പല്ല. വിശദീകരിക്കേണ്ടത് സർക്കാർ തന്നെയാണ്. പാർട്ടിയും സർക്കാരും തമ്മിൽ വ്യത്യസ്ത അഭിപ്രായമില്ലെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.