ബി.ജെ.പി കോർ കമ്മിറ്റിയിൽ വിമർശനം: തെറ്റ് ഏറ്റുപറഞ്ഞ് രാജീവ് ചന്ദ്രശേഖർ

Tuesday 01 July 2025 1:57 AM IST

തിരുവനന്തപുരം: ചില മുതിർന്ന നേതാക്കളെ ഒഴിവാക്കിയത് തെറ്റായിരുന്നുവെന്നും ആവർത്തിക്കില്ലെന്നും ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിൽ ഏറ്റു പറഞ്ഞ് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ.ചുമതല ഏറ്റെടുത്ത ശേഷം ആദ്യമായാണ് അദ്ദേഹത്തിന് പാർട്ടി യോഗത്തിൽ അടി പതറുന്നത്.

തൃശൂരിലെ സംസ്ഥാന നേതൃയോഗത്തിൽ മുൻ പ്രസിഡന്റുമാരായ കെ.സുരേന്ദ്രനേയും വി.മുരളീധരനേയും വിളിക്കാതിരുന്നത് കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു.

തദ്ദേശ ഇലക്ഷൻ ചുമതലയുള്ള നേതാക്കളേയും ജില്ലാപ്രസിഡന്റുമാരേയും മാത്രം വിളിച്ച അനൗദ്യോഗിക യോഗമായിരുന്നുവെന്ന വിശദീകരണം ആരും മുഖവിലക്കെടുത്തില്ല.

സംസ്ഥാനത്ത് ഗ്രൂപ്പ് പ്രവർത്തനം ശക്തിപ്പെട്ട സമയത്താണ് അത് പരിഹരിക്കാൻ വി.മുരളീധരൻ മുതൽ കെ.സുരേന്ദ്രൻ വരെയുള്ള നേതാക്കളെ കേന്ദ്ര നേതൃത്വം സംസ്ഥാന ചുമതലയേൽപിച്ചത്.അതോടെ സംസ്ഥാനത്ത് ഗ്രൂപ്പ് പ്രവർത്തനങ്ങൾ കുറയുകയും പാർട്ടി തൃശൂരിൽ വിജയിക്കുകയും നാല് മണ്ഡലങ്ങളിൽ മികച്ച പ്രകടനത്തിലെത്തുകയും ചെയ്തു. വീണ്ടും ഗ്രൂപ്പ് പ്രവർത്തനത്തിലേക്ക് മാറുന്നത് ഗുണം ചെയ്യില്ലെന്ന് കോർ കമ്മിറ്റിയിൽ വാദമുയർന്നു.

ഗ്രൂപ്പിസം ഇല്ലാതാക്കാനെത്തിയ രാജീവ് ചന്ദ്രശേഖർ കൃഷ്ണദാസ് പക്ഷത്തിന്റെ ആളായി മാറി. അദ്ദേഹം രാഷ്ട്രീയം പറയുന്നില്ല. വികസിത കേരളമെന്ന ആശയം കൊണ്ടു മാത്രം പിടിച്ചുനിൽക്കാൻ സാധിക്കില്ല.ക്രൈസ്തവരെ കൂടെ നിർത്താൻ നടത്തുന്നത് പരിധി വിട്ട നീക്കങ്ങളാണ് .പാർട്ടിയുടെ അടിസ്ഥാന ആശയം ഹിന്ദുത്വമാണ്.ഇതിൽ നിന്ന്

വ്യതിചലിക്കുന്നത് ഗുണം ചെയ്യില്ല . നിലമ്പൂരിൽ ക്രൈസ്തവ വിഭാഗക്കാരനെ സ്ഥാനാർഥിയാക്കിയത് തിരിച്ചടിയായെന്ന വിലയിരുത്തലും ചില നേതാക്കൾക്കുണ്ട്. ഹിന്ദുവോട്ടുകൾ സിപിഎമ്മിലേക്ക് പോകാൻ ഇത് കാരണമായി.പോഷക സംഘടനകളുടെ ഭാരവാഹികളെ തിരഞ്ഞെടുക്കാൻ ടാലന്റ് പരിശോധിക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ പുതിയ നീക്കം ശരിയല്ല . വർഷങ്ങളായി പാർട്ടിക്ക് വേണ്ടി അഹോരാത്രം പണിയെടുത്തവരെ പരിഗണിക്കാത്തത് തിരിച്ചടിയാകുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

ഒത്തുതീർപ്പിന്റെ ഭാഗമായി ഇന്നലെ കോർ കമ്മിറ്റി യോഗത്തിന് ശേഷം വാർത്താസമ്മേളനം നടത്താനുള്ള ചുമതല കെ.സുരേന്ദ്രനാണ് നൽകിയത്.തൃശൂരിലെ യോഗത്തിൽ ക്ഷണിക്കാത്തത് സംബന്ധിച്ച് പറയേണ്ടവർ പറയുമെന്ന് സുരേന്ദ്രൻ പ്രതികരിച്ചു.