റവാഡയുടെ നിയമനം: കൂത്തുപറമ്പ് വെടിവയ്പ്പ് ഓർമ്മിപ്പിച്ച് പി.ജയരാജൻ
കണ്ണൂർ: പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ചതിൽ പ്രതികരണവുമായി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ. കൂത്തുപറമ്പ് വെടിവയ്പ്പിനെ തുടർന്ന് അന്ന് റവാഡയ്ക്കെതിരെ പാർട്ടി നിലപാട് എടുത്തിരുന്നു. ഇപ്പോഴത്തെ തീരുമാനം മെറിറ്റിന്റെ അടിസ്ഥാനത്തിലാണ്. നയപരമായ പ്രശ്നങ്ങളിലേ പാർട്ടി ഇടപെടാറുള്ളൂ. മെറിറ്റ് പരിശോധിക്കാൻ താൻ ആളല്ല.
പട്ടികയിൽ ഉൾപ്പെട്ടെ രണ്ടുപേർക്കെതിരെ സി.പി.എമ്മും ഡി.വൈ.എഫ്.ഐ പോലുള്ള സംഘടനകളും എതിർനിലപാട് സ്വീകരിച്ചിരുന്നു എന്നതാണ് താൻ ഓർമ്മിപ്പിക്കുന്നത്. സർക്കാർ, മുന്നിലെത്തിയ നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കി തീരുമാനമെടുക്കുകയായിരുന്നു. എൽ.ഡി.എഫ് സർക്കാരിന്റെ രാഷ്ട്രീയത്തിന് അതീതമായിട്ടുള്ള ഇത്തരം തീരുമാനങ്ങളെ സംബന്ധിച്ച് വിവാദങ്ങളുണ്ടാക്കുക എന്നത് വലതുപക്ഷ മാദ്ധ്യമങ്ങളുടെ സ്ഥിരംപരിപാടിയാണ്.
റവാഡ ഒറ്റയ്ക്കല്ല, പലരും ചേർന്നുകൊണ്ടാണ് അന്നത്തെ ലാത്തിച്ചാർജിനും വെടിവയ്പ്പിനുമൊക്കെ ഇടയാക്കിയത്. കൂത്തുപറമ്പ് വെടിവയ്പ്പ് നടന്ന ഏതാണ്ട് അതേകാലത്ത് ആർ.എസ്.എസ് -സി.പി.എം സംഘർഷമുണ്ടായപ്പോൾ കൂത്തുപറമ്പ് ഏരിയാ സെക്രട്ടറിയായിരുന്ന എം.സുകുമാരനെ ലോക്കപ്പിൽ ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതിയായിരുന്നു പട്ടികയിൽ ഉൾപ്പെട്ട നിതിൻ അഗർവാൾ. അന്നത്തെ സാഹചര്യത്തിൽ ഇത്തരത്തിലുള്ള കാര്യങ്ങൾക്കെതിരെ പാർട്ടി ശക്തമായ നടപടി സ്വീകരിച്ചിരുന്നു.