ശശികുമാറിന്റെ കപ്പൽ അമേരിക്കയിലേക്ക്
തിരുവല്ല : കടൽ കടന്ന് അമേരിക്കയിലേക്ക് പുറപ്പെടാൻ കവിയൂർ ശശികുമാറിന്റെ കപ്പൽ പണിപ്പുരയിൽ ഒരുങ്ങുകയാണ്. കമനീയമായ കരവിരുതിൽ പൂർണ്ണമായും തേക്കിൻ തടിയിൽ ശശികുമാർ പൂർത്തിയാക്കിയ കപ്പലാണ് ഉടമയെ തേടി അമേരിക്കയിലേക്ക് പുറപ്പെടുന്നത്. മൂന്ന് നിലകളിലായി അഞ്ചടി നീളത്തിലും മൂന്നടി പൊക്കത്തിലുമുള്ള കപ്പലിന്റെ നിർമ്മാണം പൂർത്തിയാക്കാൻ ആറുമാസം വേണ്ടിവന്നു. ബേപ്പൂരിൽ പോയി കപ്പൽ നേരിട്ട് കണ്ടു മനസ്സിലാക്കിയാണ് നിർമ്മാണം തുടങ്ങിയത്. ചരക്ക് കൊണ്ടുപോകുന്ന ഉരുവിൽ നിന്നും ആഡംബര നൗകയിലേക്ക് മാറ്റി പ്രത്യേകമായാണ് നിർമ്മാണം. ഇരിപ്പിടം ഉൾപ്പെടെയുള്ള ഇന്റീരിയർ, പ്രകാശവിന്യാസം, പരമ്പരാഗത ഫ്ലോറിംഗ് എന്നിവയെല്ലാം കൂടുതൽ സുന്ദരമാക്കുന്നു. കപ്പലിന്റെ അടിയിൽ ഫൈബർ ഘടിപ്പിച്ചിട്ടുള്ളതിനാൽ വെള്ളത്തിലും ഉപയോഗിക്കാം. സുഹൃത്തിന്റെ ആവശ്യപ്രകാരം അമേരിക്കയിലുള്ളവർക്കായാണ് നിർമ്മിച്ചത്. ഉടനെ കപ്പൽ അമേരിക്കയിലേക്ക് കയറ്റി അയയ്ക്കും. കപ്പലിനെക്കുറിച്ച് അറിഞ്ഞ പല റിസോർട്ട് ഉടമകളും പുതിയതിന് ഓർഡർ നൽകി കഴിഞ്ഞു.