ഉന്നതികളിൽ ഓടിയെത്തി റേഷൻകട: വിതരണം ചെയ്തത് 2.98 ലക്ഷം കിലോ ഭക്ഷ്യധാന്യം

Tuesday 01 July 2025 12:41 AM IST

പത്തനംതിട്ട: ജില്ലയിലെ ആദിവാസി ഉന്നതികളിൽ റേഷൻ നേരിട്ട് എത്തിക്കുന്ന ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ 'സഞ്ചരിക്കുന്ന റേഷൻ കട' പദ്ധതിയിൽ 2.98 കിലോ ഭക്ഷ്യധാന്യം വിതരണം ചെയ്തു. സമീപ റേഷൻ കടകളിൽ നിന്ന് സാധനങ്ങൾ ശേഖരിച്ച് ഉന്നതിയിലെ നിശ്ചിത കേന്ദ്രത്തിലെത്തി വിതരണം ചെയ്യുന്ന സഞ്ചരിക്കുന്ന റേഷൻകട പദ്ധതിക്ക് ജില്ലയിൽ 2018 ൽ ആണ് തുടക്കമായത്.

886 കുടുംബങ്ങൾക്ക് പ്രയോജനം

റാന്നി, കോന്നി താലൂക്കുകളിലെ 11 ഉന്നതികളിലായി 886 കുടുംബങ്ങൾക്ക് പദ്ധതി തണലേകുന്നു. അടിച്ചിപ്പുഴ, കരികുളം, ചൊള്ളനാവയൽ, കുറുമ്പൻ മൂഴി, മണക്കയം, അട്ടത്തോട്, മഞ്ഞത്തോട്, പ്ലാപ്പള്ളി, ഒളികല്ല് ഉന്നതികളിലെ 849 കുടുംബങ്ങൾക്ക് സാധനങ്ങൾ ലഭിക്കുന്നു. കോന്നിയിലെ കാട്ടാത്തിപ്പാറ ഗിരിജൻ കോളനി, സായ്പ്പിൻ കുഴി ഉന്നതികളിലെ 37 കുടുംബങ്ങളും ഗുണഭോക്തക്കളാണ്. വനം വകുപ്പുമായി സഹകരിച്ചാണ് സഞ്ചരിക്കുന്ന റേഷൻകട യാഥാർത്ഥ്യമായത്. സഞ്ചരിക്കുന്ന ആറ് റേഷൻകടകളിലൂടെ അർഹതപ്പെട്ടവർക്ക് ആനുകൂല്യം ലഭിക്കുന്നു. എല്ലാ മാസവും ആദ്യ ആഴ്ചയിൽ സാധനങ്ങൾ എത്തിക്കും. അരി, ഗോതമ്പ്, ആട്ട, പഞ്ചസാര എന്നിവയാണ് വിതരണം ചെയ്യുന്നത്. റേഷനിംഗ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലാണ് വിതരണം. അതത് താലൂക്ക് സപ്ലൈ ഓഫീസർമാർക്കാണ് ചുമതല. അതിദരിദ്ര നിർമാർജനം ലക്ഷ്യമിട്ട് വകുപ്പിന്റെ നേതൃത്വത്തിൽ 'ഒപ്പം' പദ്ധതിയും നിലവിലുണ്ട്. നേരിട്ട് റേഷൻ കൈപ്പറ്റാൻ സാധിക്കാത്തവർക്ക് ഓട്ടോ തൊഴിലാളികളിലൂടെ സാധനങ്ങൾ വീട്ടിൽ എത്തിക്കുന്നതാണ് പദ്ധതി. മല്ലപ്പള്ളി, കോന്നി, കോഴഞ്ചേരി താലൂക്കുകളിലായി മൂന്ന് ഗുണഭോക്താക്കൾ ഈ പദ്ധതിയിലുണ്ട്.

275 പേർക്ക് മുൻഗണനാ കാർഡ്

അതിദരിദ്രവിഭാഗത്തിൽപ്പെട്ട 275 പേർക്ക് ഇതുവരെ മുൻഗണന കാർഡ് നൽകി. 'കരുതലും കൈത്താങ്ങും' താലൂക്കുതല അദാലത്തിലൂടെ 33 റേഷൻകാർഡുകൾ മുൻഗണന വിഭാഗത്തിലേക്കും 'തെളിമ' പദ്ധതിയിലൂടെ ബി പി എൽ അപേക്ഷകളിൽ 48 റേഷൻകാർഡ് പി.എച്ച്.എച്ച് വിഭാഗത്തിലേക്കും മാറ്റി. 'വിശപ്പുരഹിത കേരളം' പദ്ധതിയിലൂടെ അടൂർ, തിരുവല്ല, റാന്നി, കോന്നി താലൂക്കുകളിൽ മിതമായ നിരക്കിൽ സുഭിക്ഷ ഹോട്ടലുകളിലൂടെ ഉച്ചഭക്ഷണം നൽകുന്നു.