ടാപ്പിംഗ് തൊഴിലാളിയുടെ മരണം; അനുജൻ റിമാൻഡിൽ
Tuesday 01 July 2025 12:10 AM IST
പത്തനാപുരം: റബർ ടാപ്പിംഗ് തൊഴിലാളികളായ സഹോദരങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ തലയ്ക്ക് കല്ലുകൊണ്ട് ഇടിയേറ്റ് ജ്യേഷ്ഠൻ മരിച്ച കേസിൽ അനുജനെ കോടതി റിമാൻഡ് ചെയ്തു. പുന്നല കണ്ണങ്കര വടക്കേതിൽ വീട്ടിൽ മൂത്ത സഹോദരനായ അനിരുദ്ധനാണ് (56) മരിച്ചത്. ഇളയ സഹോദരൻ ജനയനെയാണ് പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
രണ്ടുദിവസം മുമ്പ് പുന്നല കല്ലാമുട്ടം കിഴവറ കനാലിൽ അനിരുദ്ധന്റെ മൃതദേഹം നാട്ടുകാർ കണ്ടെത്തിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് അനുജനെ പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. കനാലിന്റെ കരയിൽ വച്ച് ഇരുവരും തമ്മിൽ വാക്കേറ്റവും കൈയാംകളിയും നടന്നതായി പൊലീസ് പറഞ്ഞു. ഇതിനിടെ കല്ലിനുള്ള ഇടിയേറ്റ് അനിരുദ്ധൻ കനാലിൽ വീണ് തത്ക്ഷണം മരിക്കുകയായിരുന്നു. ഇരുവരും വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. അനിരുദ്ധന്റെ ഭാര്യ ഗീത. മക്കൾ: അഭിമന്യു, അഭിജിത്ത്.