കർബല- റെയിൽവേ സ്റ്റേഷൻ റോഡ് പെട്ടു പോകരുത്, ഈ മുട്ടൻ കുഴി​യി​ൽ!

Tuesday 01 July 2025 12:29 AM IST

ലീഗൽ മെട്രോളജി ഭവന് സമീപം റോഡിൽ അപകടക്കെണി

കൊല്ലം: കർബല- റെയിൽവേ സ്റ്റേഷൻ റോഡിലൂടെ സഞ്ചരിക്കുന്നവരെ വീഴ്ത്താൻ കുഴി​കൾ നി​റഞ്ഞി​ട്ടും അധി​കൃതർ ഗൗനി​ക്കുന്നി​ല്ല. ഡ്രൈവർമാരുടെ ശ്രദ്ധ തെല്ലൊന്ന് പാളി​യാൽ വാഹനം കുഴി​യി​ൽ ചാടും. ഇങ്ങനെ ചാടുന്ന വാഹനങ്ങൾ നി​യന്ത്രണം തെറ്റി​ വഴി​യാത്രക്കാർക്കു നേരെ എത്തുമ്പോൾ പലരും ഭാഗ്യംകൊണ്ടാണ് രക്ഷപ്പെടുന്നത്.

ലീഗൽ മെട്രോളജി ഭവന് സമീപം റോഡിന്റെ നടുവിലാണ് ആഴമുള്ള കുഴികൾ പ്രത്യക്ഷപ്പെട്ടത്. അടുത്തെത്തിയാൽ മാത്രം കുഴി ശ്രദ്ധയിൽപെടുന്നതിനാൽ ഇരുചക്രവാഹന യാത്രക്കാർ കുഴിയിൽ വീഴാതി​രി​ക്കാൻ പെട്ടന്ന് വെട്ടിച്ചുമാറ്റുമ്പോൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. മഴസമയത്ത് വെള്ളം കുഴികളിൽ നിറയുമ്പോൾ ആഴം വ്യക്തമാകാത്തതും അപകടത്തിന് കാരണമാകുന്നു.

അധികം തിരക്കില്ലാത്ത റോഡായതിനാൽ വാഹനങ്ങൾ നല്ല വേഗത്തി​ണ് ഇതുവഴി കടന്നുപോകുന്നത്. ഇതും അപകടത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നു. അപകടം ഒഴി​വാക്കാനായി​ ആരോ വലിയ ഒരു കല്ല് കുഴിയിൽ ഇട്ടിട്ടുണ്ട്. ചെമ്മാമുക്ക് ഭാഗത്ത് നിന്ന് കർബല റോഡിലേക്ക് പ്രവേശിക്കുന്നിടം മുതൽ ചെറുതും വലുതുമായ നിരവധി കുഴികളുണ്ട്. ഇവ യാത്രക്കാർക്ക് സൃഷ്ടി​ക്കുന്ന ഭീഷണി ചെറുതല്ല. കൂടാതെ റോഡിന്റെ പലഭാഗങ്ങളിലെയും ടാറിംഗി​ലെ ഉയരവ്യതാസവും അപകടങ്ങൾക്ക് വഴി​തെളി​ക്കുന്നു. ഒരു വശത്ത് മാത്രം റീ ടാർ ചെയ്തതി​നാൽ ഉയർന്നും താഴ്ന്നുമാണ് റോഡി​ന്റെ അവസ്ഥ.

അനങ്ങാതെ അധികൃതർ

റോഡിലെ കുഴികൾ അടയ്ക്കണമെന്നും എത്രയും വേഗം റോഡ് ഒരേ നിരപ്പാക്കി അപകടാവസ്ഥ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് നിരവധി തവണ പരാതികൾ നൽകിയി​ട്ടുണ്ട്. പക്ഷേ, യാതൊരു നടപടിയും അധി​കൃതരുടെ ഭാഗത്തുനി​ന്ന് ഉണ്ടാവുന്നി​ല്ലെന്ന് നാട്ടുകാർ ആരോപി​ക്കുന്നു.

ഈ കുഴി പെട്ടന്ന് ശ്രദ്ധയിൽപ്പെടി​ല്ല. അടുത്തെത്തുമ്പോഴാണ് കാണുന്നത്. പെട്ടന്ന് വണ്ടി വെട്ടിക്കുമ്പോൾ മറ്റു വാഹനങ്ങളിൽ തട്ടാനും മറിഞ്ഞ് വീഴാനുമുള്ള സാദ്ധ്യത വളരെ കൂടുതലാണ്

വിപിൻ, ഇരുചക്രവാഹന യാത്രക്കാരൻ