വാർത്ത തുണച്ചു, മൂന്നാം കുറ്റി ക്ളീൻ!
Tuesday 01 July 2025 12:30 AM IST
കൊല്ലം: ചരിത്രത്തിന്റെ ഭാഗമായ 'മൂന്നാം കുറ്റി'യുടെ പരിസരത്ത് കുന്നുകൂടിക്കിടന്നിരുന്ന മാലിന്യം നീക്കി. കഴിഞ്ഞ ദിവസം 'കേരളകൗമുദി' നൽകിയ വാർത്തയെത്തുടർന്നാണ് നടപടി.
കൊല്ലം- തിരുമംഗലം ദേശീയപാതയിൽ കിളികൊല്ലൂർ മൂന്നാം കുറ്റി ജംഗ്ഷനോട് ചേർന്ന് പുതിയകാവ് ദുർഗാദേവീ ക്ഷേത്രത്തിന് മുന്നിലാണ് പോയകാലത്തിന്റെ അടയാളമായി മൂന്നാം കുറ്റി സ്ഥിതി ചെയ്യുന്നത്. രാജഭരണകാലത്ത് മൈലുകൾ കണക്കാക്കി സ്ഥാപിച്ചിരുന്ന വഴിക്കല്ലാണിത്. മൂന്നരയടി ഉയരമുള്ള ഒറ്റക്കല്ലിൽ മൂന്ന് എന്ന് അക്കത്തിലും അക്ഷരത്തിലും അടയാളപ്പെടുത്തിയിട്ടുണ്ട്. വാർത്ത ചർച്ചയായതോടെയാണ് കോർപ്പറേഷൻ അധികൃതർ അടിയന്തരമായി ഇടപെട്ട് ഇവിടം വൃത്തിയാക്കിയത്.