അൻവറിന്റെ ഫോൺ ചോർത്തൽ: നടപടിക്ക് ഹൈക്കോടതി നിർദ്ദേശം
Tuesday 01 July 2025 2:29 AM IST
കൊച്ചി: മുൻ എം.എൽ.എ പി.വി. അൻവർ ഫോൺ ചോർത്തിയെന്ന പരാതിയിൽ സംസ്ഥാന പൊലീസ് മേധാവി ഒരു മാസത്തിനകം ഉചിതമായ നടപടിയെടുക്കണമെന്ന് ഹൈക്കോടതി.ആരോപണം ശരിയെങ്കിൽ ഗൗരവതരമാണെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവിൽ പറയുന്നു.അൻവറിനെതിരെ കേസെടുക്കാൻ വസ്തുതകളില്ലെന്ന മലപ്പുറം ഡിവൈ.എസ്.പിയുടെ റിപ്പോർട്ടിൽ കോടതി അതൃപ്തി രേഖപ്പെടുത്തി.
പൊലീസ് മേധാവികളുടെയടക്കം ഫോൺ ചോർത്തിയെന്ന പി.വി. അൻവറിന്റെ വെളിപ്പെടുത്തലിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം സ്വദേശി മുരുകേഷ് നരേന്ദ്രൻ ഫയൽ ചെയ്ത ഹർജിയിലാണ് ഉത്തരവ്.
മലപ്പുറം ഗസ്റ്റ് ഹൗസിൽ കഴിഞ്ഞ സെപ്തംബർ ഒന്നിന് നടത്തിയ വാർത്താസമ്മേളനത്തിലാണ് പൊലീസ് ഉദ്യോഗസ്ഥരുടെയടക്കം ഫോൺ ചോർത്തിയെന്ന് പി.വി. അൻവർ വെളിപ്പെടുത്തിയത്.
തുടർന്ന് നൽകിയ പരാതിയിൽ പൊലീസ് നടപടി സ്വീകരിക്കാത്തതിനാൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.