കൊച്ചിക്ക് കോളടിച്ചു, ഷിപ്പ്‌യാർഡിന് ലഭിച്ചത് 120 കോടിയുടെ കരാർ
കൊച്ചി: പോൾസ്റ്റാർ മാരിടൈം ലിമിറ്റഡിനു വേണ്ടി രണ്ട് 70 ടൺ ടഗ്ഗുകൾ നിർമ്മിക്കുന്നതിനുള്ള 120 കോടി രൂപയുടെ കരാർ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന് ലഭിച്ചു. മുമ്പ് ലഭിച്ച മൂന്നെണ്ണത്തിന് പുറമെയാണ് പുതിയ കരാർ. റോബർട്ട് അലൻ ലിമിറ്റഡിന്റെ രൂപകല്പനപ്രകാരം ആത്മനിർഭർ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരം പാലിച്ചാണ് നിർമ്മിക്കുക.
കൊച്ചിയിലെ യാർഡിൽ വർക്ക്‌ഷെയർ കരാർ പ്രകാരം സി.എസ്.എല്ലും ഉഡുപ്പി സി.എസ്.എല്ലും സംയുക്തമായി കപ്പലുകൾ നിർമ്മിക്കും. ജപ്പാനിലെ നിഗറ്റ കമ്പനിയുടെ 1,838 കിലോവാട്ട് രണ്ടു മെയിൻ എൻജിനുകളും 2.7 മീറ്റർ പ്രൊപ്പല്ലറുകളും ഉപയോഗിച്ചാകും ടഗ്ഗുകൾ പ്രവർത്തിക്കുക. മേയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ കപ്പൽശാല നാലു ടഗ്ഗുകൾ വിതരണം ചെയ്തിട്ടുണ്ട്. പുതിയ കരാറോടെ 18 ടഗ്ഗുകളും രണ്ടു ഗ്രീൻ ടഗ്ഗുകളും നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.
പോൾസ്റ്റാറിൽ നിന്ന് തുടർച്ചയായി കരാർ ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഷിപ്പ്‌യാർഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു. എസ്. നായർ പറഞ്ഞു. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഗ്രീൻ ടഗ് ട്രാൻസിഷൻ പ്രോഗ്രാം (ജി.ടി.ടി.പി) വഴി ബാറ്ററി ഇലക്ട്രിക് ടഗ്ഗുകൾ അവതരിപ്പിച്ച് കപ്പൽ നിർമ്മാണ വ്യവസായത്തെ പരിവർത്തനം ചെയ്യാൻ കപ്പൽശാല പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
ഹാർബർ ടഗ്ഗുകൾ, കോസ്റ്റൽ ടോവിംഗ്, അസിസ്റ്റൻസ്, തുറമുഖങ്ങളിലെ മറൈൻ സേവനങ്ങൾ എന്നിവ നൽകുന്ന സ്ഥാപനമാണ് മുംബയ് ആസ്ഥാനമായ പോൾസ്റ്റാർ മാരിടൈം ലിമിറ്റഡ്.