'സമൂഹത്തിൽ താഴെത്തട്ടിലുള്ളവർക്കും നീതി ഉറപ്പാക്കും'; വാർത്താസമ്മേളനത്തിൽ സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവി

Tuesday 01 July 2025 8:22 AM IST

തിരുവനന്തപുരം: ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലായിരിക്കും കേരള പൊലീസ് കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുകയെന്നും ലഹരിവ്യാപനം നേരിടാൻ പ്രത്യേക നയം രൂപീകരിക്കുമെന്നും സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവി റവാഡ എ. ചന്ദ്രശേഖർ. രാവിലെ പൊലീസ് ആസ്ഥാനത്തെത്തി ചുമതലയേറ്റതിനുശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഏറ്റവും ഉപദ്രവമായി മാറുന്ന ഒരു കാര്യം ലഹരി ഉപയോഗമാണ്. അതിനെ നേരിടാൻ പ്രത്യേക നയം രൂപീകരിക്കും. ക്രമസമാധാനപാലനത്തിനും കേരള പൊലീസ് കൂടുതൽ ശ്രദ്ധ നൽകും. ആന്റി ഗുണ്ടാ സ്‌ക്വാഡുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തും. സമൂഹത്തിൽ സാമുദായിക ഐക്യം നിലനിർത്തുന്നതിന് പ്രാധാന്യം നൽകും. സൈബർ ആക്രമണങ്ങളെ നേരിടാൻ നടപടികൾ സ്വീകരിക്കും. ജനങ്ങൾക്ക് സൈബർ സുരക്ഷ ശക്തമാക്കും. സമൂഹത്തിൽ ഏറ്റവും താഴെത്തട്ടിലുള്ളവർക്ക് പൊലീസ് സ്റ്റേഷനുകളിൽ എത്താനും നീതി ലഭിക്കാനുമുതകുന്ന ശ്രമം ഉണ്ടാവും. കേരളത്തിലേയ്ക്ക് തിരിച്ചുവന്നതിൽ സന്തോഷമുണ്ട്. സഹപ്രവർത്തകരുടെയും ജനങ്ങളുടെയും സഹായത്തോടെ പ്രവർത്തിക്കും'- റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി.

ഇന്ന് രാവിലെ ഏഴുമണിയോടെയാണ് റവാഡ എ. ചന്ദ്രശേഖർ പൊലീസ് ആസ്ഥാനത്തെത്തി ചുമതലയേറ്റത്. ചടങ്ങിൽ എഡിജിപി എച്ച് വെങ്കിടേഷ് പുതിയ പൊലീസ് മേധാവിക്ക് ബാറ്റൺ കൈമാറി. ശേഷം ധീരസ്‌മൃതി ഭൂമിയിലെത്തി പുഷ്‌പച്ചക്രം സമർപ്പിച്ചു. തുടർന്ന് ഗാർഡ് ഒഫ് ഓണർ സ്വീകരിച്ചു. രാവിലെ പത്തിന് കണ്ണൂരിൽ മുഖ്യമന്ത്രി നടത്തുന്ന അവലോകന യോഗത്തിൽ റവാഡ പങ്കെടുക്കും.

പൊലീസ് മേധാവിയായി കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ആസ്ഥാനത്തെ സ്പെഷ്യൽ ഡയറക്ടറായിരുന്ന റവാഡ എ. ചന്ദ്രശേഖറെ കഴിഞ്ഞദിവസമാണ് സർക്കാർ നിയമിച്ചത്. 1991 ബാച്ച് കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. നിയമനത്തിന് യു.പി.എസ്.സി നൽകിയ മൂന്നംഗ പട്ടികയിലെ രണ്ടാമനാണ് റവാ‌ഡ.