കോട്ടയത്ത് പിക്കപ്പും ജീപ്പും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർ മരിച്ചു, അഞ്ചുപേർക്ക് പരിക്ക്
കോട്ടയം: കോടിമതയിൽ ബൊലേറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ഒരാളെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം കൊല്ലാട് കുഴക്കീൽ ജെയ്‌മോൻ ജെയിംസ് (43), കൊല്ലാട് മംഗളാലയം അർജുൻ (19) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ജാദവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ബൊലേറോ ജീപ്പിനുള്ളിൽ അഞ്ചു പേരാണ് ഉണ്ടായിരുന്നത്. രണ്ടു പേർ മരിക്കുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പിക്കപ്പ് വാനിനുള്ളിൽ രണ്ടു പേരുണ്ടായിരുന്നു. രണ്ടു പേരുടെയും പരിക്ക് ഗുരുതരമല്ല.
തിങ്കളാഴ്ച രാത്രി 12 മണിയ്ക്കാണ് അപകടം നടന്നത്. മണിപ്പുഴ ഭാഗത്ത് നിന്ന് കോട്ടയം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ബൊലേറോ ജീപ്പ്. ഈ സമയം എതിർ ദിശയിൽ നിന്നും എത്തിയ പിക്കപ്പ് വാനുമായി ജീപ്പ് കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ ബൊലേറോ ജീപ്പ് പൂർണമായും തകർന്നു. പിക്കപ്പ് വാനിനും സാരമായി കേടുപാടുകൾ സംഭവിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ജീപ്പിനുള്ളിൽ പെട്ട ഡ്രൈവർ ജെയ്‌മോനെ ജീപ്പ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അഗ്നിരക്ഷാ സേനയുടെ ആംബുലൻസിലും മറ്റ് ആംബുലൻസുകളിലുമായാണ് പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തെ തുടർന്ന് റോഡിൽ ഓയിലും രക്തവും പരന്നൊഴുകിയിരുന്നു. അഗ്നിരക്ഷാ സേനാ സംഘം എത്തിയാണ് ഇത് കഴുകിക്കളഞ്ഞത്. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഏതാണ്ട് അരമണിക്കൂറോളം ഗതാഗത തടസവും ഉണ്ടായി.