"റോഡുകളുടെ ലോകോത്തര നിലവാരത്തെക്കുറിച്ച് വീമ്പ് പറയുന്ന മന്ത്രി എന്തുകൊണ്ട് കുഴികൾ കാണുന്നില്ല?" പ്രതിഷേധ റീൽ
തൃശൂർ: മരണം വരെ സംഭവിച്ചിട്ടും റോഡിലെ കുഴികൾ അടയ്ക്കാത്തതിനെതിരെ മന്ത്രി മുഹമ്മദ് റിയാസിന് റീൽ അയച്ച് പ്രതിഷേധിച്ച് തൃശൂർ നഗരസഭാ കൗൺസിലർ. ഇരുചക്രവാഹനത്തിൽ പോകുകയായിരുന്ന ദമ്പതികൾ വീണ് പരിക്കേറ്റ കോലോത്തുംപാടം റോഡിലെ കുഴിക്കരികിൽ നിന്നാണ് ജോൺ ഡാനിയൽ എന്ന കൗൺസിലർ പ്രതിഷേധ റീൽ ചിത്രീകരിച്ചത്.
സംസ്ഥാനത്തെ റോഡുകളുടെ ലോകോത്തര നിലവാരത്തെക്കുറിച്ച് വീമ്പ് പറയുന്ന പൊതുമരാമത്ത് മന്ത്രി എന്തുകൊണ്ട് കുഴികൾ കാണുന്നില്ലെന്ന് കൗൺസിലർ ചോദിക്കുന്നു. റോഡുകളുടെ ദയനീയവസ്ഥ ബോദ്ധ്യപ്പെടുത്താനാണ് ഈ റീൽ അയക്കുന്നത്. ഇത് ദേശീയ- സംസ്ഥാന - കോർപറേഷൻ കുഴിയാണോയെന്നറിഞ്ഞിട്ടല്ല ഇരുചക്രവാഹന യാത്രികർ വീഴുന്നതെന്ന് കൗൺസിലർ വ്യക്തമാക്കി. റോഡിലെ കുഴിയടച്ച് പോകുമ്പോൾ ഉദ്യോഗസ്ഥരുടെ മേൽനോട്ടം ഉറപ്പുവരുത്തണമെന്നും കൗൺസിലർ ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥർക്കെതിരെ കേസ്
വടകര, കൊയിലാണ്ടി മേഖലയിൽ യാത്ര ചെയ്യാൻ കഴിയാത്ത വിധം റോഡുകൾ തകർന്നിട്ടും നടപടിയെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. പൊതുമരാമത്ത് (റോഡ്സ്) വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയറും ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടറും പരാതി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ജൂലായ് 29ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ സ്വമേധയാ കേസെടുത്തത്.