ഈ മഹാനഗരത്തെ കടൽ എടുക്കുമോ? പ്രവചനദിവസം അടുക്കുമ്പോൾ സൂചനകൾ നൽകി പ്രകൃതി

Tuesday 01 July 2025 10:41 AM IST

ടോക്കിയോ: 'പുതിയ ബാബ വാംഗ' എന്നറിയപ്പെടുന്നയാളാണ് ജാപ്പനീസ് മാംഗ കലാകാരിയായ റിയോ തത്സുകി. അടുത്തിടെ റിയോ നടത്തിയ പ്രവചനം ഏഷ്യയുടെ ചില ഭാഗങ്ങളിൽ വ്യാപക ആശങ്കയ്ക്ക് കാരണമായിരുന്നു. 2025 ജൂലായ് അഞ്ചിന് ജപ്പാനിൽ വലിയൊരു ദുരന്തം വരുന്നുണ്ടെന്നാണ് പ്രവചനം. ഈ പ്രവചനം നടക്കുമോയെന്ന ആശങ്കയിലാണ് ജപ്പാൻ ജനത. ഇതിനിടെ അഞ്ഞൂറോളം ചെറു ഭൂചലനങ്ങൾ ടൊകാര ദ്വീപിനെ പിടിച്ചു കുലുക്കിയ വാർത്തകളാണ് പുറത്തുവരുന്നത്.

ശനിയാഴ്ച മുതലിങ്ങോട്ട് മാത്രമാണ് 500 ലേറെ ഭൂചലനങ്ങൾ ടൊകാരയിൽ അനുഭവപ്പെട്ടത്. തെക്കുപടിഞ്ഞാറ് ജപ്പാനിലെ കഗോഷിമ ദ്വീപസമൂഹത്തിലുള്ള ദ്വീപാണ് ടൊകാര. ഭൂചലനത്തിൽ സാരമായ നാശനഷ്ടങ്ങൾ ദ്വിപീലുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. ദ്വീപും പരിസര പ്രദേശങ്ങളും അതിസൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ജപ്പാന്റെ കാലാവസ്ഥാ ഏജൻസി അറിയിച്ചു. ശനിയാഴ്ച രാവിലെ മുതലാണ് ടൊകാര ദ്വീപിലെ കഗോഷിമയിൽ ഭൂചലനം റിപ്പോർട്ടുചെയ്തത്.

റിക്ടർ സ്കെയിലിൽ 6 തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായതെന്നാണ് അധികൃതർ പറയുന്നത്. പിന്നെ തുടരെ തുടരെ ഭൂചലനങ്ങൾ ഉണ്ടായി. ജൂലായ് അ‌ഞ്ചിന് ഇനി നാല് ദിവസം മാത്രം അവശേഷിക്കെ വലിയ ആശങ്കയാണ് ഇത് ജനങ്ങളിൽ ഉണ്ടാക്കുന്നത്. 2025 ജൂലായ് അ‌ഞ്ചിന് ജപ്പാനിനും ഫിലിപ്പെൻസിനും ഇടയിലുള്ള കടലിനടിയിൽ ഒരു വിള്ളൽ വീഴുകയും ഇത് തോഹോകു ഭൂകമ്പത്തേക്കാൾ മൂന്നിരട്ടി ഉയരമുള്ള സുനാമി ഉണ്ടാക്കുമെന്നുമാണ് പ്രവചനം.

1999ൽ പുറത്തിറങ്ങിയ 'ദി ഫ്യൂച്ചർ ഐ സോ' എന്ന പുസ്തകത്തിലൂടെയാണ് തത്സുകി ആദ്യമായി ശ്രദ്ധ നേടിയത്. കൂടാതെ അവരുടെ നിരവധി പ്രവചനങ്ങൾ യാഥാർത്ഥ്യമായതായും റിപ്പോർട്ടുണ്ട്. 2011 മാർച്ചിലെ തോഹോകു ഭൂകമ്പവും സുനാമിയും, ഡയാന രാജകുമാരിയുടെ മരണം, കൊവിഡ് 19 എന്നിവ ഉൾപ്പടെ തത്സുകി പ്രവചിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 2030ൽ പുതിയതും മാരകവുമായ ഒരു തരം കൊവിഡ് തിരിച്ചുവരുമെന്നും ഇവർ പ്രവചിച്ചിട്ടുണ്ട്.