ഡോ. ഹാരിസിന്റെ ഇടപെടൽ ഫലം കണ്ടു; ശസ്ത്രക്രിയാ ഉപകരണങ്ങൾ ഹൈദരാബാദിൽ നിന്ന് വിമാനമാർഗം എത്തി

Tuesday 01 July 2025 11:36 AM IST

തിരുവനന്തപുരം: ശസ്ത്രക്രിയ മുടങ്ങിയ സാഹചര്യമുൾപ്പെടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്ഥിതി യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് മുന്നോട്ടുവച്ചത് ഫലം കണ്ടു. മെഡിക്കൽ കോളേജിൽ ആവശ്യമായ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചെന്നാണ് വിവരം. ഇതോടെ ആശുപത്രിയിൽ മാറ്റിവച്ച ശസ്ത്രക്രിയകൾ തുടങ്ങി. ഹൈദരാബാദിൽ നിന്ന് വിമാനമാർഗം ഇന്ന് രാവിലെയാണ് ഉപകരണങ്ങൾ എത്തിയത്.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിനെതിരെ ഡോ.ഹാരിസ് നടത്തിയ തുറന്നടിക്കൽ ആരോഗ്യവകുപ്പിൽ സർജിക്കൽ സ്‌ട്രൈക്കായി മാറിയിരുന്നു. ഉപകരണങ്ങളില്ലാത്തതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടർച്ചയായി ശസ്ത്രക്രിയകൾ മുടങ്ങിയതോടെയായിരുന്നു ജനകീയ ഡോക്ടറുടെ പ്രതിഷേധം. 'എന്നെ പിരിച്ചുവിട്ടോട്ടെ, ഈ സർവീസ് മടുത്തു.' എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

ചികിത്സയ്ക്കായി മാസങ്ങളോളം കാത്തിരിക്കുന്നവരോട് ഡോക്ടർമാർ കൈമലർത്തുന്നു. എന്തുചെയ്യണമെന്നറിയാതെ പാവപ്പെട്ട രോഗികളും ബന്ധുക്കളും കഷ്ടപ്പെടുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സ്ഥിതി രൂക്ഷമായതോടെയാണ് ഡോ.ഹാരിസ് ചിറയ്ക്കൽ വൈകാരികമായി പ്രതികരിച്ചത്.

'രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും അപേക്ഷിച്ചു മടുത്തു. ഓഫീസുകൾ കയറിയിറങ്ങി ചെരുപ്പുതേഞ്ഞു, ബ്യൂറോക്രസിയോട് ഏറ്റുമുട്ടാനില്ല, ഉപകരണങ്ങളില്ലാത്തതിനാൽ തുടർച്ചയായി ശസ്ത്രക്രിയകൾ മാറ്റിവയ്‌ക്കേണ്ടിവന്നു.' അധികൃതരുടെ നയത്തിൽ വീർപ്പുമുട്ടിയ ഡോക്ടറുടെ പ്രതികരണം വിവാദമായതോടെ സർക്കാർ ഇടപെട്ടു. പ്രതിസന്ധികൾ വിശദീകരിക്കുന്ന രണ്ടു പോസ്റ്റുകളും ഹാരിസ് പിൻവലിച്ചു. എന്നാൽ, നിലപാടിൽ ഉറച്ചു നിൽക്കുന്നതായും ജോലി മടുത്തെന്നും വ്യക്തമാക്കുന്ന പുതിയ പോസ്റ്റുമിട്ടു.