അന്ന് ഒരു നടൻ രണ്ട് ലക്ഷം തന്നു, ഭയങ്കര ബുദ്ധിമുട്ടിലാണ് ; നരേന്ദ്ര മോദി ഇക്കാര്യം സാധിപ്പിച്ചുതരണമെന്ന് കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനിയുടെ അമ്മ

Tuesday 01 July 2025 12:14 PM IST

കൊച്ചി: തന്നെ ആരും പിന്തുണയ്‌ക്കുന്നില്ലെന്ന് പെരുമ്പാവൂരിൽ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനിയുടെ അമ്മ. തനിക്ക് ദൈവം മാത്രമേ തുണയായിട്ടുള്ളൂവെന്നും ഭയങ്കര ബുദ്ധിമുട്ടിലാണ് ജീവിക്കുന്നതെന്നും അവർ ഒരു യൂട്യൂബ് ചാനലിനോട് പറഞ്ഞു.

'എനിക്ക് ജീവിക്കാൻ ജനങ്ങൾ തന്ന പണമാണ്. സർക്കാർ തന്ന വീടെന്നാണ് ഇവിടെ പറയുന്നത്. ഈ വീടിന് ലക്ഷങ്ങളുടെ കണക്കാണ് പറയുന്നത്. രണ്ട് കുഞ്ഞുമുറിയും കുഞ്ഞ് അടുക്കളയും ബാത്ത്റൂമേ ഉള്ളൂ. ആ വീട് പൊട്ടിപ്പൊളിഞ്ഞ് തവിട് പൊടിയായിക്കൊണ്ടിരിക്കുകയാണ്. അവിടെ മകളാണ് താമസിക്കുന്നത്.

മൂന്നാല് തലമുറയ്ക്ക് കഴിയാൻ കോടികൾ അക്കൗണ്ടിൽ വന്നെന്നാണ് ഇവിടെ എല്ലാവരും കരുതുന്നത്. അന്ന് ജയറാമും സുരേഷ് ഗോപിയും കാണാൻ വന്നു. സുരേഷ് ഗോപി പൈസ തന്നോയെന്നൊന്നും അറിയില്ല. ഒരു കമ്പിളി കൊണ്ടുവന്ന് പുതപ്പിച്ച് ഇനി കാണാൻ വരുമെന്നാണ് പറഞ്ഞത്. സുരേഷ് ഗോപി ഒരു എസി പിടിപ്പിച്ചു. ജയറാമും സംവിധായകന്മാരുമാണ് വന്നത്. രണ്ട് ലക്ഷത്തിന്റെ ചെക്ക് തന്നു. ഈ ചെക്ക് സാർ സൂക്ഷിച്ചോയെന്ന് പറഞ്ഞ് അന്നത്തെ കളക്ടർക്ക് കൊടുത്തു.

എന്റെ ബുദ്ധിമുട്ടുകൾ കണ്ട് ജനങ്ങൾ കുറച്ച് പണം അയച്ചിരുന്നു. സത്യാവസ്ഥ അറിയാൻ ഞാൻ കളക്ടറേറ്റിൽ ചെന്ന് വിവരാവകാശം ചോദിച്ചു. താങ്കളുടെയും കളക്ടറുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിൽ നിന്ന് പണമെടുത്താണ് വീട് പണിതതെന്നാണ് വിവരാവകാശം. അപ്പോൾ സർക്കാർ എവിടെയാണ് വീട് പണിതത്.

സർക്കാർ പണിത വീടാണെന്നും ജനങ്ങളുടെ കാശ് കൊണ്ടുള്ള വീടാണെന്നും പറയുന്നുണ്ട്. ശരിക്കും പറഞ്ഞാൽ നരേന്ദ്ര മോദി അറിയേണ്ട കാര്യമാണ്. ശക്തമായ അന്വേഷണം നടക്കണം. എന്റെ കൊച്ചിനെ കൊന്നവനെ കൊന്നുകളയണം. അതിനുവേണ്ടി നരേന്ദ്ര മോദി നടപടിയെടുക്കണം.

എനിക്ക് ജീവിക്കാൻ വേണ്ടി തന്ന പണത്തിന്റെ കണക്കും കാര്യങ്ങളും അറിയണം. എനിക്ക് ജീവിക്കാൻ അതിനകത്തുനിന്ന് എനിക്ക് പണം വേണം. നരേന്ദ്ര മോദി എങ്ങനെയെങ്കിലും ഇത് എനിക്ക് സാധിച്ചുതന്നേ പറ്റൂ. അത്രയും കഷ്ടത്തിലാണ് ഇവിടെ ജീവിക്കുന്നത്.'- അവർ പറഞ്ഞു.

2016 ഏപ്രിൽ 28നാണ് നിയമവിദ്യാർത്ഥിനി കൊല്ലപ്പെട്ടത്. ഇതിനുപിന്നാലെ പുറംമ്പോക്കിലെ വീട്ടിലെ അവസ്ഥ കണ്ട് യുവതിയുടെ അമ്മയ്‌ക്ക് സഹായവുമായി നിരവധി പേർ എത്തിയിരുന്നു. 2016 മേയ് മുതൽ 2019 സെപ്തംബർ വരെ അവരുടെ എറണാകുളം ജില്ലാ കളക്ടറുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിൽ 40,31,359 രൂപയെത്തി.