"കൂത്തുപറമ്പ് വെടിവയ്പ് ഗൂഢാലോചനയിൽ റവാഡയ്ക്ക് പങ്കില്ല; സർക്കാരിന് പൂർണാധികാരം ഉപയോഗിച്ച് ഡിജിപി നിയമനം സാധിക്കില്ല"

Tuesday 01 July 2025 2:15 PM IST

കണ്ണൂർ: പൊലീസ് മേധാവിയായി കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ആസ്ഥാനത്തെ സ്‌പെഷ്യൽ ഡയറക്ടറായിരുന്ന റവാഡ എ. ചന്ദ്രശേഖറെ നിയമിച്ചതിൽ പ്രതികരണവുമായി സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. കൂത്തുപറമ്പിലെ വെടിവയ്പ് ഗൂഢാലോചനയിൽ റവാഡയ്ക്ക് പങ്കില്ലെന്നും സംസ്ഥാന സർക്കാരിന് പൂർണാധികാരം ഉപയോഗിച്ച് ഡിജിപി നിയമനം സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പത്രസമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്മനാഭൻ കമ്മീഷൻ റിപ്പോർട്ട് അദ്ദേഹം പത്രസമ്മേളനത്തിൽ വായിക്കുകയും ചെയ്തു. അദ്ദേഹം കൂത്തുപറമ്പിലെത്തിയത് നാടിനെക്കുറിച്ച് അറിയാതെയാണെന്നും രാഗേഷ് വ്യക്തമാക്കി. 1991 ബാച്ച് കേരള കേഡർ ഐ പി എസ് ഉദ്യോഗസ്ഥനാണ്. നിയമനത്തിന് യു.പി.എസ്.സി നൽകിയ മൂന്നംഗ പട്ടികയിലെ രണ്ടാമനാണ് റവാഡ.

നിയമന ഉത്തരവ് ഇന്നലെത്തന്നെ ചീഫ്സെക്രട്ടറി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയതിനെത്തുടർന്ന് വൈകിട്ടോടെ റവാഡയെ കേന്ദ്രസർവീസിൽ നിന്ന് വിടുതൽ ചെയ്തു. ഇന്ന് രാവിലെ ഏഴിന് പൊലീസ് ആസ്ഥാനത്ത് ചുമതലയേറ്റു.

1994ൽ അഞ്ച് ഡി വൈ എഫ് ഐ പ്രവർത്തകർ കൊല്ലപ്പെട്ട കൂത്തുപറമ്പ് വെടിവയ്പ് കേസിൽ റവാഡയെ പ്രതിചേർത്തിരുന്നു. 2012ൽ ഹൈക്കോടതി കുറ്റവിമുക്തനാക്കി. തലശേരി എ എസ് പിയായിരിക്കെയാണ് വെടിവയ്പിന് റവാഡ ഉത്തരവിട്ടത്. തുടർന്ന് സസ്പെഷനിലായി. ജുഡിഷ്യൽ അന്വേഷണത്തിനുശേഷമാണ് സർവീസിൽ തിരിച്ചെത്തിയത്.

2026 ജൂലായ് വരെയാണ് റവാഡയ്ക്ക് സർവീസുള്ളത്. എന്നാൽ, പൊലീസ് മേധാവിക്ക് രണ്ടുവർഷം കാലാവധി ഉറപ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവുള്ളതിനാൽ ഒരുവർഷം നീട്ടിക്കിട്ടും. ഇന്നലെ വൈകിട്ട് ഷേഖ് ദർവേഷ് സാഹിബ് പൊലീസ് മേധാവി സ്ഥാനമൊഴിഞ്ഞതിനാൽ റവാഡ ചുമതലയേൽക്കും വരെ എ ഡി ജി പി എച്ച്. വെങ്കടേശിന് താത്കാലിക ചുമതല നൽകിയിരുന്നു.