ചെളിവെള്ളത്തിൽ അലക്കിയും കുളിച്ചും യുവാവിന്റെ വേറിട്ട പ്രതിഷേധം, ഒപ്പം കൂടി നാട്ടുകാരും
പാലക്കാട്: റോഡിലെ ചെളിവെള്ളത്തിൽ കുളിച്ച് യുവാവിന്റെ വേറിട്ട പ്രതിഷേധം. പാലക്കാട് ജില്ലയിലെ പ്രഭാപുരം പപ്പടിപ്പടി റോഡിന്റെ തകർച്ചയിലായിരുന്നു യുവാവിന്റെ പ്രതിഷേധം. പപ്പടിപ്പടി സ്വദേശി സുബൈറാണ് റോഡിൽ കെട്ടിക്കിടക്കുന്ന ചെളിവെള്ളത്തിൽ അലക്കിയും കുളിച്ചും തന്റെ പ്രതിഷേധം അറിയിച്ചത്.
കുലിക്കല്ലൂർ പഞ്ചായത്തിലെ പപ്പടിപ്പടി റോഡ് മൂന്ന് വർഷമായി പൊട്ടിത്തകർന്ന നിലയിലാണ്. പലപ്പോഴും പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇപ്പോൾ മഴ കനത്തതോടെ ചെളിക്കൂമ്പാരമായ അവസ്ഥയിലാണ് റോഡിന്റെ ഗതി.
നല്ല വൃത്തിയുള്ള വസ്‌ത്രം ധരിച്ച് ജോലിക്കു പോകാൻ ഇറങ്ങിയാലും ഈ റോഡിലൂടെ പോയാൽ ആകെ ചെളി നിറഞ്ഞ അവസ്ഥയിലാകുമെന്നും നല്ല വസ്ത്രമിട്ടു കുളിച്ചൊരുങ്ങി വരുന്നിൽ പിന്നെന്ത് കാര്യമെന്നാണ് നാട്ടുകാർ അധികൃതരോട് ചോദിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സുബൈർ നടത്തിയ പ്രതിഷേധം. റോഡിന്റെ പണി പൂർത്തിയാകുന്നതു വരെ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നാണ് സുബൈർ പറയുന്നത്.