അന്വേഷണങ്ങൾ ഫോണിൽ മതി; കൗണ്ടർ സേവനം നിറുത്തുന്നു

Wednesday 02 July 2025 12:30 AM IST

പ്രതിഷേധത്തെ തുടർന്ന് നീട്ടി

കൊച്ചി: കെ.എസ്.ആർ.ടി.സി എറണാകുളം ഡിപ്പോയിലെ അന്വേഷണ കൗണ്ടർ നിറുത്തലാക്കാൻ തീരുമാനം. സംസ്ഥാനത്തൊട്ടാകെ കെ.എസ്.ആർ.ടി.സി അന്വേഷണ കൗണ്ടറുകളിലെ ലാൻഡ് ഫോണുകൾ മാറ്റി മൊബൈൽ ഫോണുകളാക്കാനുള്ള തീരുമാനം നടപ്പാക്കി വരുന്നതിനിടെയാണ് നീക്കം.

സാധാരണയായി എട്ട് മണിക്കൂർ വീതമുള്ള മൂന്ന് ഷിഫ്റ്റുകളിലായി രണ്ട് പേരാണ് അന്വേഷണ കൗണ്ടറിൽ ജോലി ചെയ്യുന്നത്. ഇനി മുതൽ അന്വേഷണ കൗണ്ടറിലേക്ക് ആളെ നിയോഗിക്കേണ്ടെന്ന തിരുവനന്തപുരത്തുനിന്ന് എക്‌സിക്യുട്ടീവ് ഡയറക്ടർ ഓപ്പറേഷൻസിന്റെ വാക്കാലുള്ള ഉത്തരവാണ് ജീവനക്കാർക്കിടയിൽ വ്യാപക പ്രതിഷേധത്തിന് കാരണമായത്. പ്രതിഷേധത്തെത്തുടർന്ന് തീരുമാനം താത്കാലികമായി മരവിപ്പിച്ചു. ഇന്നലെ വൈകിട്ടും ഇൻഫർമേഷൻ കൗണ്ടറിൽ ആളെ നിയോഗിച്ചിരുന്നു. എന്നാൽ, വരും ദിവസങ്ങളിൽ ഉത്തരവ് നടപ്പാക്കുമെന്നും ഉദ്യോഗസ്ഥരെ ഒഴിവാക്കുമെന്നും കെ.എസ്.ആർ.ടി.സി വൃത്തങ്ങൾ വ്യക്തമാക്കുന്നു.

മൊബൈൽ നമ്പർ ആയില്ലസംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി സ്റ്റേഷനുകളിലെല്ലാം അന്വേഷണ കൗണ്ടറുകളിലെ ലാൻഡ് ഫോണിനു പകരം മൊബൈൽ നമ്പറുകൾ ഇന്നലെ മുതൽ നിലവിൽ വന്നെങ്കിലും, എറണാകുളം ഡിപ്പോയിൽ മൊബൈൽ നമ്പർ ലഭ്യമായില്ല. സംസ്ഥാനത്തെ 45 ഡിപ്പോകളാണ് ഇന്നലെ ഉച്ചവരെ മൊബൈൽ നമ്പറിലേക്ക് മാറ്റിയത്. എറണാകുളം ജില്ലയിൽ ആലുവ ഡിപ്പോയ്ക്ക് മാത്രമാണ് സൗകര്യം ലഭ്യമായത് (നമ്പർ: 9188933776). എറണാകുളം ഡിപ്പോയിൽ ഇപ്പോഴും 0484 2372033 എന്ന ലാൻഡ്‌ലൈൻ നമ്പറിൽത്തന്നെയാണ് വിളിക്കണം.

സ്‌റ്റേഷൻ മാസ്റ്റർ പാട്‌പെടും

അന്വേഷണ കൗണ്ടർ നിറുത്തലാക്കിയാൽ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുക സ്റ്റേഷൻ മാസ്റ്റർമാരാണ്. ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഡിപ്ലോയ്‌മെന്റ്, കളക്ഷൻ ടാലിയാക്കൽ, റൂട്ടുകളിലേക്കുള്ള ബസുകളുടെ കാര്യങ്ങൾ എന്നിവയെല്ലാം സ്റ്റേഷൻ മാസ്റ്ററുടെ ചുമതലയാണ്. നൂറുകൂട്ടം ജോലികൾക്കിടെ അന്വേഷണത്തിനെത്തുന്ന ആളുകൾ കൂട്ടമായി ആശ്രയിക്കാൻ പോകുന്നത് സ്റ്റേഷൻ മാസ്റ്റർമാരെയാകും.