റോഡിലേക്ക് ഡീസൽ ഒഴുകി; ഇരുചക്ര വാഹന യാത്രക്കാർ തെന്നിവീണു

Wednesday 02 July 2025 2:08 AM IST

പള്ളുരുത്തി: ഇടക്കൊച്ചിയിൽ ഒരു വാഹനത്തിന്റെ ഇന്ധനടാങ്കിൽനിന്ന് ഡീസൽ റോഡിലേക്ക് ഒഴുകിയതിനെത്തുടർന്ന് ആറ് ഇരുചക്രവാഹന യാത്രക്കാർ റോഡിൽ തെന്നിവീണു. ഇടക്കൊച്ചി ഹൈവേയിൽ കുമ്പളംഫെറി മുതൽ അക്വിനാസ് കോളേജുവരെ രണ്ട് കിലോമീറ്ററോളമാണ് റോഡിലേക്ക് ഡീസൽ ചോർന്നൊഴുകിയത്. ഇതിന് പിന്നാലെയെത്തി​യ ഇരുചക്രവാഹനങ്ങൾ ഓരോന്നായി തെന്നിവീണു. വാഹന ഗതാഗതവും തടസപ്പെട്ടു. ഇന്നലെ രാവി​ലെയാണ് സംഭവം.

ഡീസൽ പരന്നതിനെത്തുടർന്ന് പ്രദേശവാസികൾ ആദ്യം മെറ്റൽപ്പൊടി വിതറിയിരുന്നു. സമീപത്തെ വ്യാപാരികൾ കൗൺസിലർ അഭിലാഷ് തോപ്പിലിനെ അറിയിച്ചതിനെ തുടർന്ന് അരൂർ ഫയർ ആൻഡ് റസ്ക്യൂ ടീമെത്തി​ റോഡിലേക്കൊഴുകി​യ ഡീസൽ കഴുകി വൃത്തിയാക്കി ഗതാഗതം പുന:സ്ഥാപി​ച്ചു. കൗൺസിലറും സമീപത്തെ വ്യാപാരികളും വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതിനാൽ കൂടുതൽ അപകടം ഉണ്ടായില്ല.

ഇന്ധനടാങ്ക് ചോർന്ന വാഹനത്തെ കണ്ടെത്താനായില്ല. ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ എം.വി. ഹർഷകുമാർ, ടിജോ ജോസഫ്, പി.പി. മഹേഷ്, അഖിലേഷ്, ജോസഫ് കനേഷ്യസ്, പ്രദേശവാസികളായ ബിജിൽ പോൾ, ഫ്രെഡി ജോർജ്, ലാക്സി എന്നിവരും ശുചീകരണത്തിന് നേതൃത്വം നൽകി.