മലയാളിയുടെ മനം കവർന്ന് തായ്,​ മലേഷ്യൻ വിഭവങ്ങൾ 

Wednesday 02 July 2025 12:09 AM IST

കൊച്ചി: അറബിക് വിഭവങ്ങൾക്കു പിന്നാലെ തായ്‌ലൻഡ്, മലേഷ്യൻ, കൊറിയൻ രുചിക്കൂട്ടുകളും മലയാളികളുടെ തീൻമേശ കീഴടക്കുന്നു. തേങ്ങാപ്പാൽ ചേർന്ന വിഭവങ്ങൾക്ക് 'മലയാളിത്തം" ഉള്ളതിനാൽ ആദ്യമായി രുചിക്കുന്നവരും മുഖം ചുളിക്കുന്നില്ല. പ്രമുഖ ഹോട്ടലുകളിൽ ഇതിൽ സ്‌പെഷ്യലൈസ് ചെയ്ത ഷെഫുമാരുമുണ്ട്. പഠിക്കാനും ജോലി ചെയ്യാനും കറങ്ങാനുമെല്ലാം വിദേശത്തു പോകുന്ന മലയാളികൾ ലോകത്തെ സകല വിഭവങ്ങളും പരീക്ഷിച്ചതോടെയാണ് കേരളത്തിൽ പുതുരുചികളുടെ വേലിയേറ്റം. തായ്‌ലൻഡ്, ഫിലിപ്പീൻസ്, മലേഷ്യ, ഇൻഡൊനേഷ്യ, കൊറിയ എന്നിവിടങ്ങളിലെ രുചിക്കൂട്ടുകൾക്ക് സാമ്യമുണ്ടെന്ന് ദുബായിലെയടക്കം നക്ഷത്ര ഹോട്ടലുകളിൽ ഷെഫ് ആയിരുന്ന പാലക്കാട് സ്വദേശി പ്രദീപ് പറയുന്നു. മസാല കുറഞ്ഞ കടൽ വിഭവങ്ങൾക്കാണ് പ്രാമുഖ്യം. വയർ പിണങ്ങില്ല. ഫ്രൈ, ​ഗ്രിൽ, സ്റ്റീം ചെയ്ത മത്സ്യവും മാംസവും പലതരം സോസുകൾ ചേർത്താണ് ഉപയോഗിക്കുക. ഗ്രീൻ കറി സോസ്, റെഡ്, യെല്ലോ സോസുകളാണ് പ്രധാനം. പലതരം ഇലകളും സാലഡുകൾ, പുഡ്ഡിംഗുകൾ എന്നിവയും ധാരാളം.

ഹമൂർ, ചെമ്മീൻ, കൂന്തൽ, കല്ലുമ്മക്കായ തുടങ്ങിയവ ചേർന്ന സീഫുഡ് സൂപ്പ് മലയാളികൾ ഏറെയിഷ്ടപ്പെടുന്നു. പുഴങ്ങി ഉണങ്ങിയ ചെമ്മീൻ, പച്ച പപ്പായ, ചുവന്ന മുളക്, ബീൻസ്, ഉപ്പ്, തേൻ, സോസ് തുടങ്ങിയവ ചേർന്ന തായ്‌ലൻഡിലെ സോംടാം പപ്പായ സാലഡാണ് മറ്റൊന്ന്. ഓരോ രാജ്യത്തും പേരിലും രുചിയിലും വ്യത്യാസമുണ്ടാകും.

'അപരന്മാരിൽ" കരിക്ക്

മുതൽ ചക്കപ്പഴം വരെ ചക്കപ്പഴം, കരിക്ക്, ഏത്തപ്പഴം, ചോക്കലേറ്റ്, ഐസ്‌ക്രീം, പാൽ എന്നിവ ചേർത്ത ഫിലിപ്പീൻസിലെ ജനപ്രിയ ഫ്രൂട്ട് സാലഡ് 'ഹലോ", ഇളം കരിക്ക്, പാൽ, ക്രീം, ചില ഇലകൾ എന്നിവ ചേർത്ത 'ബുകോ പന്താൻ", ഏത്തപ്പഴവും ചക്കയും അരിഞ്ഞത് ചപ്പാത്തിയിൽ തെറുത്തെടുത്തുണ്ടാക്കുന്ന 'തുറോൻ", അരിയും തേങ്ങയും ചേർത്തു പുഴുങ്ങിയ, അടയുടെ അപരനായ 'കുത് സിന്ത", ചുരണ്ടിയെടുത്ത കാച്ചിൽ പശുവിൻ പാലും തേങ്ങാപ്പാലും വെണ്ണയുംചേർത്ത് വരട്ടിയെടുക്കുന്ന ഹൽവ, ഇറച്ചി വിഭവങ്ങൾ ചേർത്തു കഴിക്കാവുന്ന കുഞ്ഞൻ പുട്ട് 'പുത്തോ" തുടങ്ങിയവ മലയാളികൾ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും!

ലോകത്തെ സകല രുചികളും പരീക്ഷിക്കാവുന്ന ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് പല വിഭവങ്ങളും കേരളത്തിലെത്തുന്നത്. എണ്ണയിൽ വറുത്ത വിഭവങ്ങൾ പൊതുവേ കുറവാണെന്നത് പലരെയും ആകർഷിക്കുന്നു. ഒട്ടേറെ കടൽ വിഭവങ്ങളുണ്ട്.

ഷെഫ് പ്രദീപ്