വിദ്യാർത്ഥി കേന്ദ്രീകൃതമായി കരിക്കുലം പരിഷ്‌ക്കരിക്കാൻ കഴിഞ്ഞു: മന്ത്രി ബിന്ദു

Wednesday 02 July 2025 12:54 AM IST
വി​ജ്ഞാ​നോ​ത്സ​വം​ ​സം​സ്ഥാ​ന​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ക്കാ​ൻ​ ​മീ​ഞ്ച​ന്ത​ ​ഗ​വ.​ ​ആ​ർ​ട്സ് ​ആ​ൻ​ഡ് ​സ​യ​ൻ​സ് ​കോ​ളേ​ജി​ലെ​ത്തി​യ​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​ആ​ർ.​ബി​ന്ദു​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​മാ​യി​ ​സം​സാ​രി​ക്കു​ന്നു.

വിജ്ഞാനോത്സവം 2025 മന്ത്രി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: വിദ്യാർത്ഥി കേന്ദ്രീകൃത കാഴ്ചപ്പാടിൽ നിന്ന് സമഗ്ര കരിക്കുലം പരിഷ്‌കരണം നടത്താനായതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. നാലു വർഷ ബിരുദ പ്രോഗ്രാം (എഫ്.വൈ.യു.ജി.പി.) 2025- 26 ബാച്ച് ആരംഭിക്കുന്ന വിജ്ഞാനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മീഞ്ചന്ത ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. അദ്ധ്യാപകരുടെ അറിവ് മാത്രം ഏറ്റുവാങ്ങുന്ന ഒരു തലമുറ എന്നതിൽ നിന്ന് വിദ്യാർത്ഥികളുടെ കഴിവുകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന തരത്തിലേക്ക് കരിക്കുലം മാറ്റാനായതായി മന്ത്രി പറഞ്ഞു. അക്കാഡമിക കാര്യങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാതെ സാമൂഹിക ബോധമുള്ള വ്യക്തികളായി വിദ്യാർത്ഥികളെ വാർത്തെടുക്കാൻ തക്ക കോഴ്സുകളാണ് നാലുവർഷ വിരുദ്ധ പ്രോഗ്രാമിൽ ഫൗണ്ടേഷൻ കോഴ്സായി ഉൾപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്തെ സർവകലാശാലകളിൽ 200 കോടി രൂപ ചെലവിലാണ് ട്രാൻസ്ലേഷണൽ റിസർച്ച് ലാബുകൾ സ്ഥാപിച്ചുവരുന്നത്. സൈദ്ധാന്തിക അറിവുകളെ പ്രായോഗിക തലത്തിലേക്ക് മാറ്റാനുള്ള സംവിധാനമാണ് ഈ ലാബുകളിലൂടെ ഒരുങ്ങുന്നത്. കലാലയങ്ങളുടെ അടിസ്ഥാന സൗകര്യ മേഖലയിൽ വലിയ മാറ്റം കൊണ്ടുവരാൻ സർക്കാരിനായി. കിഫ്ബിയിലൂടെ 1500 കോടി രൂപയും റൂസ പദ്ധതിയിലൂടെ 532 കോടി രൂപയും ഉപയോഗപ്പെടുത്തിയും സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ചും അനേകം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായും മന്ത്രി പറഞ്ഞു. അഹമ്മദ് ദേവർകോവിൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ രമ്യ സന്തോഷ്, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ സുധീർ, അഡീഷണൽ ഡയറക്ടർ സുനിൽ ജോൺ, കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം പി.കെ ഖലീമുദ്ദീൻ, കോളേജ് പ്രിൻസിപ്പൽ ഡോ. പി പ്രിയ തുടങ്ങിയവർ പ്രസംഗിച്ചു.