ആകാശ എയർ കൊച്ചി - ജിദ്ദ വിമാന സർവീസുകൾ ആരംഭിച്ചു

Wednesday 02 July 2025 12:09 AM IST

നെടുമ്പാശേരി: ആകാശ എയർ കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്ക് രാജ്യാന്തര വിമാന സർവീസുകൾ ആരംഭിച്ചു. ആഴ്ചയിൽ നാല് സർവീസുകൾ വീതം ഉണ്ടാകും. ശനി, തിങ്കൾ ദിവസങ്ങളിൽ ഓരോ സർവീസും ഞായറാഴ്ചകളിൽ രണ്ട് സർവീസ് വീതവും ഉണ്ടാകും.

ശനി, തിങ്കൾ ദിവസങ്ങളിൽ വൈകിട്ട് 6.10ന് കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 9.55ന് ജിദ്ദയിലെത്തും. തിരിച്ച് പിറ്റേന്ന് രാവിലെ 6.45ന് കൊച്ചിയിലെത്തും. ഞായറാഴ്ചകളിൽ ആദ്യ വിമാനം പുലർച്ചെ മൂന്നിന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട് 6.45 ന് ജിദ്ദയിലെത്തും. മടക്ക് വിമാനം 7.45ന് പുറപ്പെട്ട് വൈകിട്ട് 4.45ന് കൊച്ചിയിലെത്തും. രണ്ടാമത്തെ വിമാനം രാത്രി 8.45ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 1.10ന് ജിദ്ദയിലെത്തും. മടക്ക് വിമാനം രാവിലെ 10.10ന് കൊച്ചിയിലെത്തും. ബോയിംഗ് 737 മാക്‌സ് വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. 186 ഇക്കോണമി ക്ലാസ് സീറ്റുകളുണ്ടാകും.

ആകാശ എയർ ജനറൽ മാനേജർ (സൗത്ത്, ഈസ്റ്റ് ഇന്ത്യ) മുരളിദാസ് മേനോൻ സർവീസ് ഉദ്ഘാടനം ചെയ്തു. റീജനൽ മാനേജർ (സൗത്ത് ഇന്ത്യ) പ്രവീൺ ഷൺമുഖം, സിയാൽ ജനറൽ മാനേജർ (എയ്‌റോ കൊമേഴ്‌സ്യൽ ആൻഡ് മാർക്കറ്റിംഗ്) ആർ. രാജേഷ്, ആകാശ എയർ എയർപോർട്ട് മാനേജർ ഗോപീകൃഷ്ണൻ, സെയിൽസ് മാനേജർ (കേരള, തമിഴ്‌നാട്) സുധീഷ് മംഗലശേരി എന്നിവർ പങ്കെടുത്തു.